കോവിഡ് കാലത്ത് സഹകരണ പ്രസ്ഥാനം നടത്തിയത് മികവുറ്റ പ്രവര്‍ത്തനം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

പത്തനംതിട്ട : കോവിഡ് കാലത്ത് കേരളത്തിലെ സഹകരണ പ്രസ്ഥാനം മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പെരുനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പെരുനാട് മാര്‍ക്കറ്റ് ശാഖയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഹകരണ സംഘം ജീവനക്കാരാണ് രണ്ടു ഘട്ടങ്ങളായി സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചത്. മൂന്നാംഘട്ടത്തിന്റെ വിതരണം നടക്കുകയാണ്. സാമൂഹിക സേവനം ശരിയായ രീതിയില്‍ നടത്തുന്ന പ്രസ്ഥാനമാണ് സഹകരണ മേഖല. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോകുകയാണ് സഹകരണ മേഖല. 2018ലെ പ്രളയത്തില്‍ തകര്‍ന്ന 13,000 ഭവനങ്ങളില്‍ 2100ല്‍ അധികം വീടുകള്‍ കെയര്‍ഹോം ഭവന പദ്ധതിയിലൂടെ നിര്‍മിച്ചു നല്‍കാന്‍ സഹകരണ പ്രസ്ഥാനത്തിനു സാധിച്ചു.  കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകത്തിന് മാതൃകയാണ് കേരളം. തുടക്കം മുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് കേരളം നടത്തിയതെന്നും മന്ത്രി പറഞ്ഞു. 

രാജുഏബ്രഹാം എംഎല്‍എ സേഫ് ലോക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്ക് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീള വായ്പ വിതരണ ഉദ്ഘാടനവും പഠനോപകരണമായി ടിവിയുടെ വിതരണവും നിര്‍വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ചിഞ്ചു അനില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജിജു ശ്രീധര്‍, അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ ജനറല്‍ റാന്നി ഡി. ശ്യാംകുമാര്‍, ഭരണ സമിതി അംഗം റോബിന്‍ കെ. തോമസ്, ഇ. സുരേഷ്, വി.റ്റി. സുരേന്ദ്രന്‍, സെക്രട്ടറി കെ.എസ്. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.