ഇവര്‍ക്ക് ആശ്വസിക്കാം: സര്‍ക്കാരിന്റെ കരുതല്‍ ഒപ്പമുണ്ട്

post

ഇടുക്കി:  പെട്ടിമുടിയിലെ ദുരിന്തത്തില്‍ നഷ്ടങ്ങള്‍ ഏറെയാണ് പലര്‍ക്കും. ആ നഷ്ടപ്പെടലുകളില്‍ നിന്ന്  യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുകയാണ് ഹേമലതയും ഗോപികയും വൈഷ്ണവിയുമെല്ലാം. ഹേമലതയും ഗോപികയും സഹോദരിമാരാണ്. ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടത്  മാതാപിതാക്കളെ ഒരുമിച്ചാണ്. ഒറ്റ രാത്രിയോടെ അനാഥരാകേണ്ടി വന്ന സഹോദരിമാര്‍. ഇരുവരും തിരുവനന്തപുരത്താണ് പഠിച്ചിരുന്നത്. ഗോപിക പ്ലസ്ടുവിനാണ് പഠിക്കുന്നത്. ഹേമലത പ്ലസ്ടുവിനുശേഷം തുടര്‍പഠനത്തിനായി കാത്തിരിക്കുമ്പോഴാണ് ഈ ദുരന്തവാര്‍ത്ത അറിയുന്നത്. ഏറ്റവും ഒടുവില്‍ ജൂണ്‍മാസത്തിലാണ് ഇവര്‍ ഇവിടെ വന്ന് തിരികെ പോയത്. തുടര്‍ന്ന് തിരികെയത്തിയത് ദുരിതപെയ്ത്തില്‍ നിശ്ചലമായ പെട്ടിമുടിയിലേക്കാണ്. ഇവരുടെ പിതാവ് ഗണേശന്റെ സഹോദരന്‍ ഷണ്‍മുഖനാഥന്റെ മകളാണ് വൈഷ്ണവി, വൈഷ്ണവിക്കും ഈ പ്രളയകാലം   നല്‍കിയത് സ്വന്തം സഹോദരന്‍മാരായ നിധീഷ്‌കുമാറിന്റെയും  ദിനേഷ്‌കുമാറിന്റെയും വിയോഗവാര്‍ത്തയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും പെട്ടിമുടിയിലെ ബന്ധുവീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഉരുള്‍കൊണ്ടുപോയ ജീവനുകളുടെ പട്ടികയില്‍ ഇരുവരും ഉള്‍പ്പെടുകയായിരുന്നു. വൈഷ്ണവി മൂന്നാര്‍ കാര്‍മ്മല്‍ഗിരി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. സ്വന്തംകൂടപ്പിറപ്പുകളെ  നഷ്ടപ്പെട്ട ഓര്‍മകളിലൂടെ ഇവര്‍ ഈ ദിനങ്ങള്‍ തള്ളി നീക്കുകയാണ്. കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. ഹേമലതയ്ക്ക് ഡോക്ടറാവാനാണ് ആഗ്രഹം. ഗോപികയ്ക്ക് വനംവകുപ്പില്‍ ഉയര്‍ന്ന ജോലി കരസ്ഥമാക്കണം. വൈഷ്ണവിയും മികച്ച ഒരു ജോലി നേടണമെന്ന് ആഗ്രഹിക്കുന്നു. ജില്ലാ കലക്ടര്‍ എച്ച്. ദിനേശനും എംഎല്‍എ എസ്. രാജേന്ദ്രനും  ഇവര്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാനഗറിലെ വീട്ടില്‍ എത്തി ഇവരെ ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയുടെ മൂന്നാര്‍ സന്ദര്‍ശനത്തിലും വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പഠനമടക്കം എല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന വിവരം കുട്ടികളെ അറിയിച്ചിട്ടുണ്ട്. നഷ്ടപ്പെടലിനൊപ്പം ഇവര്‍ക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തേണ്ടതുണ്ട്.  പെട്ടിമുടിയിലെ മുഴുവന്‍ ദുരന്ത ബാധിതര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പെട്ടിമുടിയിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ പഠനചിലവും സര്‍ക്കാര്‍തന്നെയാണ് വഹിക്കുക. ജീവിതത്തില്‍ എല്ലാം നഷ്ടമായപ്പോള്‍ ഒപ്പം നിന്നവരോട് ഏറെ നന്ദിയും കടപ്പാടുമുണ്ടെന്ന് സഹോദരിമാര്‍ പറഞ്ഞു.