ലോകം കോറോണക്ക് എതിരായ സ്വാതന്ത്ര്യ സമരത്തിൽ : കളക്ടർ എസ്. സുഹാസ്

post

എറണാകുളം : സ്വാതന്ത്ര്യ സമരത്തിന് സമാനമായ ഒരു പോരാട്ടത്തിൽ ആണ് ലോകമെന്നും കോവിഡ് വൈറസിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് സമരമുഖങ്ങളിൽ ഇന്ന് നാം അണിചേരേണ്ടതെന്നും കളക്ടർ എസ്. സുഹാസ് പറഞ്ഞു. കളക്ടറേറ്റിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരത്തിൽ തോളോട് തോൾ ചേർന്നു പോരാടിയ നമ്മൾ കോവിഡിനെതിരായ പോരാട്ടത്തിൽ സാമൂഹിക അകലം പാലിച്ചു വേണം പോരാടാൻ. ബ്രേക്ക്‌ ദി ചെയിൻ, എസ്. എം. എസ്, ജീവന്റെ വിലയുള്ള ജാഗ്രത തുടങ്ങിയ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണ്. സ്വാതന്ത്ര്യം നേടുന്നതിനായി സമരമുഖങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ ഒത്തൊരുമിച്ചു നിന്നതും ചരിത്രത്തിലെ സുവർണ നിമിഷങ്ങളാണ്‌. മനുഷ്യരുടെ മറ്റെല്ലാ കാര്യങ്ങളും മാറ്റി വച്ചാണ് സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനു വേണ്ടി മുൻതലമുറ പോരാടിയത്.

മാസങ്ങളായി ജനങ്ങളുടെ ജീവനു വേണ്ടി രാത്രിയും പകലും ജോലി ചെയ്യുകയാണ് ആരോഗ്യ പ്രവർത്തകർ. അവരോടൊപ്പം സേവനം ചെയ്യുന്ന നിരവധി പേരും മാസങ്ങളായി പ്രതിരോധ പ്രവർത്തനങ്ങളിലാണ്. ജീവനക്കാരിൽ നിരവധി പേർ സ്വന്തം വീടിനെയും ഉറ്റവരെയും മാറ്റി നിർത്തിയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കു ചേരുന്നത്. ഇവരുടെ സേവനം നാടിന് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. ജോലിക്കിടയിൽ രോഗം പിടിപെട്ടവരുമുണ്ട്. ഇവരെല്ലാം അസുഖത്തിൽ നിന്നും മുക്തി നേടി. അതിനു ശേഷം വീണ്ടും അതേ ജോലിയിൽ തിരിച്ചെത്തുന്നു. ഇതെല്ലാം മാനുഷിക മൂല്യത്തിൻ്റെ നേർ ചിത്രങ്ങളാണ്. നാടിനു വേണ്ടിയുള്ള ഇവരുടെ പ്രയത്നങ്ങൾ ഈ ദിനത്തിൽ ഓർമ്മിക്കാതെ കടന്നു പോകാൻ കഴിയില്ല, അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരെയുള്ള പോരാട്ടം തുടരുകയാണെന്നും കഴിഞ്ഞു പോയതിലും ശക്തമായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ നാടൊന്നാകെ ഒരുമിച്ചു നിൽക്കണമെന്നും കളക്ടർ ഓർമിപ്പിച്ചു.

എറണാകുളം ജില്ലയെ സംബന്ധിച്ചിടത്തോളം ചെല്ലാനം, ആലുവ , കൊച്ചി മേഖലകൾ ഒരു ഘട്ടത്തിൽ ആശങ്ക പടർത്തിയാണ് കടന്നു പോയത്. കൂട്ടായ പ്രവർത്തനത്തിലൂടെ എല്ലാം നിയന്ത്രണ വിധേയമാക്കാൻ നമുക്ക് കഴിഞ്ഞുവെന്നും കളക്ടർ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നേരിട്ട പ്രളയത്തിന്റെ ഓർമകളും നമുക്ക് മുന്നിലുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് കനത്ത മഴ നമ്മുടെ ജില്ലയിലും പെയ്തിറങ്ങി. മഴക്കെടുതി നേരിട്ടവർക്ക് ആശ്വാസം പകരാൻ നമ്മുടെ ഭരണ സംവിധാനം രാപകലില്ലാതെയാണ് പ്രവർത്തിച്ചത്. ഇനിയും ആ ജാഗ്രത നമുക്ക് തുടരണം.

കളക്ടർ എസ്. സുഹാസ് ദേശിയ പതാകയുയർത്തി. എം. എൽ. എ മാരായ പി. ടി. തോമസ്, എം. സ്വരാജ്, ജോൺ ഫെർണാണ്ടസ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ തുടങ്ങിയവർ ആഘോഷ ചടങ്ങിൽ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ലളിതമായ രീതിയിലാണ് സ്വാതന്ത്ര്യ ദിന ചടങ്ങുകൾ സംഘടിപ്പിച്ചത്.

അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, കളമശ്ശേരി മെഡിക്കല്‍ കോളേജ് അസി. പ്രൊഫ. ഡോ. സുമ സാമുവല്‍, ലാബ് സര്‍വ്വെയ്‌ലന്‍സ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, സി.എഫ്.എല്‍.ടി.സി അഡ്‌ലക്‌സ് സ്റ്റാഫ് നേഴ്സ് ജോബിന്‍ ജോസഫ്, കളമശ്ശേരി മെഡിക്കല്‍ കോളേജ് സ്റ്റാഫ് നേഴ്സ് നിഷ ബാലകൃഷ്ണന്‍, വരാപ്പുഴ സാമൂഹ്യാരോഗ്യകേന്ദ്രം ഫാര്‍മസിസ്റ്റ് പി. പ്രശാന്ത്, ആലുവ ജില്ലാ ആശുപത്രി ലാബ് ടെക്‌നീഷ്യന്‍ ഷിന്റ ജോണ്‍സണ്‍, പബ്ലിക് ഹെല്‍ത്ത് നേഴ്സ് റോസ് മേരി, ചൊവ്വര കുടുംബാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രി അറ്റന്‍ഡന്റ് റഷീദ്, എറണാകുളം ജനറല്‍ ആശുപത്രി അറ്റന്‍ഡന്റ് ഷാബി കെ.ബി, ആംബുലന്‍സ് ഡ്രൈവര്‍ ഷാജഹാന്‍, കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിബിന്‍രാജ് ഒ.എസ്, ജയ്‌സണ്‍ ചിറ്റിലപ്പിള്ളി എന്നിവരെ ചടങ്ങിൽ ആദരിച്ചു.