സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണമൊരുക്കി മാതൃകയായി ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്
 
                                                പത്തനംതിട്ട: സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണമൊരുക്കി മാതൃകയാകുകയാണ് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്. ആറ് വിദ്യാലയങ്ങളിലാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കിവരുന്നത്. പ്രധാനമായും എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള ആറ് വിദ്യാലയങ്ങളിലെ കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ആറ് സ്‌കൂളില്‍ നാലെണം സര്‍ക്കാര്‍ വിദ്യാലയങ്ങളും രണ്ടെണ്ണം മാനേജ്‌മെന്റ് വിദ്യാലയങ്ങളുമാണ്. രാവിലെ 8.45 മുതല്‍ 9.30 വരെയുള്ള സമയത്താണ് കുട്ടികള്‍ക്കായി പ്രഭാത ഭക്ഷണ വിതരണം നടക്കുന്നത്.
കുടുംബശ്രീ യൂണിറ്റാണ് കുട്ടികള്‍ക്കായി പോഷകമൂല്യമുള്ള ആവിയില്‍ പുഴുങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ തയാറാക്കുന്നത്. ഇഡലി, ദോശ, കൊഴിക്കട്ട, ഇടിയപ്പം, ഉപ്പുമാവ് എന്നിവയും സാമ്പാര്‍, ചട്‌നി ഉള്‍പ്പെടെയുള്ള കറികളും ഓരോ ദിവസവും ഊഴമനുസരിച്ച് കുട്ടികള്‍ക്ക് വിതരണം നടത്തുന്നു. പല കുട്ടികളും യഥാസമയം പ്രഭാതഭക്ഷണം കഴിക്കാതെയാണ് സ്‌കൂളിലെത്തുന്നത് എന്നകാര്യം ശ്രദ്ധയില്‍പെട്ടതാണ് പദ്ധതി നടപ്പാക്കാന്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്തിനെ പ്രേരിപ്പിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി പറഞ്ഞു. പങ്കെടുത്ത പല ചടങ്ങുകളിലും കുട്ടികളോട് പ്രഭാത ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ചപ്പോള്‍ പല കാരണങ്ങള്‍ കൊണ്ടും രാവിലെ യഥാസമയം ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കുട്ടികള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണ വിതരണം ചെയ്യാന്‍ മുന്നിട്ടിറങ്ങാനുള്ള വഴി തുറക്കുകയായിരുന്നെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
2018-2019 പദ്ധതിയില്‍ 12 ലക്ഷം രൂപയാണ് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി നീക്കിവച്ചത്. 2019 നവംബര്‍ മുതലാണ് പദ്ധതി വിപുലമാക്കിയത്. 2017-2018 പദ്ധതിയില്‍ മൂന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ എട്ടുലക്ഷം രൂപ ചെലവഴിച്ച് പ്രഭാത ഭക്ഷണ വിതരണം നടത്തിയിരുന്നു. പ്രഭാത ഭക്ഷണവിതരണ പദ്ധതില്‍ കൂടുതല്‍ സ്‌കൂളുകളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ തുടര്‍ന്നാണ്  പദ്ധതിയിലെ വിദ്യാലയങ്ങളുടെ എണ്ണം ഉയര്‍ത്തിയത്. കൂത്താട്ടുകുളം ഗവണ്‍മെന്റ് എല്‍.പി.എസ്, മണ്‍പിലാവ് ഗവണ്‍മെന്റ് എല്‍.പി.എസ്, ചിറ്റാര്‍ എസ്റ്റേറ്റ് ഗവണ്‍മെന്റ് എല്‍.പി.എസ്, കട്ടച്ചിറ ട്രൈബല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നീ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും നീലിപിലാവ് എല്‍.പി.എസ്, വയ്യാറ്റുപുഴ ബി.കെ.എന്‍.എം വി.എച്ച്.എസ്.എസ് എന്നീ മാനേജ്‌മെന്റ് സ്‌കൂളിലെയും എല്‍.കെ.ജി മുതല്‍ നാലാംക്ലാസ് വരെയുള്ള കുരുന്നുകള്‍ പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.










