കാലവര്‍ഷം: നാലുദിവസത്തിനിടെ 16.827 കോടി രൂപയുടെ കൃഷിനാശം

പത്തനംതിട്ട: കാലവര്‍ഷത്തില്‍ ചൊവ്വാഴ്ചവരെയുള്ള നാലു ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ 16.827 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. ജില്ലയില്‍ 6,776 കര്‍ഷകരുടെ 450.74 ഹെക്ടര്‍ സ്ഥലത്തെ കൃഷികള്‍ക്കാണ് നാശം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക കണക്ക്.
വാഴ, നെല്ല്, പച്ചക്കറി, റബ്ബര്‍, തെങ്ങ്, കുരുമുളക്, കിഴങ്ങ് വര്‍ഗങ്ങള്‍, മരച്ചീനി, വെറ്റിലക്കൊടി, ഇഞ്ചി, മഞ്ഞള്‍, കൊക്കോ, കരിമ്പ്, ജാതി എന്നീ വിളകള്‍ക്കാണ് പ്രധാനമായും നാശം ഉണ്ടായിരിക്കുന്നത്. പന്തളം, പളളിക്കല്‍, തോന്നല്ലൂര്‍, ആറന്മുള, കുളനട, മെഴുവേലി, തുമ്പമണ്‍, തെക്കേക്കര, മല്ലപ്പുഴശേരി, ചെറുകോല്‍, കോയിപ്രം, പുറമറ്റം, നിരണം, മല്ലപ്പള്ളി, കോട്ടാങ്ങല്‍, കല്ലൂപ്പാറ, കുന്നംന്താനം, ഏനാദിമംഗലം, കൊടുമണ്‍, കോന്നി, മൈലപ്ര, പ്രമാടം, വള്ളിക്കോട്, റാന്നി അങ്ങാടി, പഴവങ്ങാടി, വടശേരിക്കര, തോട്ടമണ്‍ എന്നീ സ്ഥലങ്ങളിലാണ് കൃഷിനാശം വ്യാപകമായി ഉണ്ടായിരിക്കുന്നത്.
കൃഷി നശിച്ച കര്‍ഷകര്‍ക്ക് കൃഷിഭവന് വഴി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
കാലവര്‍ഷത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് അവരുടെ പരിധിയിലുള്ള കൃഷിഭവനില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കാം. കൃഷി ഭവനില്‍നിന്ന് ഉദ്യോഗസ്ഥര്‍ കൃഷിഇടങ്ങള്‍ പരിശോധിച്ച് നാശനഷ്ടം എത്രയെന്ന് വിലയിരുത്തും. പ്രകൃതി ദുരന്തത്തിന്റെ ഗണത്തില്‍പെടുന്നതിന് അതിന്റെ നിരക്കിലുള്ള തുകയും വിള ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കര്‍ഷകര്‍ക്ക് ആ നിരക്കിലുള്ള തുകയും നഷ്ടപരിഹാരം ലഭിക്കുന്നതിന് സര്‍ക്കാരിന് സമര്‍പ്പിക്കും.