തിരക്ക് നേരിടാന്‍ ക്രമീകരണങ്ങളുമായി പൊലീസ്; പുതിയ ബാച്ചില്‍ 1,397 പേര്‍

post

ശബരിമല: മണ്ഡലക്കാലത്ത് ഉണ്ടായ അഭൂതപൂര്‍വ്വ തിരക്കിന്റെ സാഹചര്യത്തില്‍ മകരവിളക്ക് തീര്‍ത്ഥാടനകാലത്തും തീര്‍ത്ഥാടക പ്രവാഹം ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ് സേവനം ക്രമീകരിച്ചിട്ടുള്ളതെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ദാസ്. മകരസംക്രമം വരെ തുടരുന്ന നാലാംഘട്ട ഡ്യൂട്ടിക്ക് പൊലീസുകാരെ നിയോഗിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം വലിയ നടപ്പന്തലിലെ വേദിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 1,397 പൊലീസുകാരെയാണ് നിയോഗിച്ചത്.

പൊലീസിനുള്ള 57 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ തീര്‍ത്ഥാടന കൈപ്പുസ്തകം സ്‌പെഷ്യല്‍ ഓഫീസര്‍ വിതരണം ചെയ്തു. തീര്‍ത്ഥാടകരോട് പരമാവധി ക്ഷമയോടെ പെരുമാറണമെന്ന് സുജിത് ദാസ് പറഞ്ഞു. ശുചിത്വത്തിനു പ്രാധാന്യം നല്‍കി പരിസ്ഥിതി സൗഹൃദമാകണം പ്രവര്‍ത്തനം. എ എസ് ഒ സുരേഷ്, എ എസ് പി വിശ്വനാഥ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

ഉദ്യോഗസ്ഥരുള്‍പ്പെടെ നിലവില്‍ ആകെ 1,875 പോലീസുകാര്‍ ശബരിമലയില്‍ ഉണ്ട്. ക്വിക്ക് റെസ്പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ്, ടെലി കമ്യൂണിക്കേഷന്‍സ് തുടങ്ങിയ പൊലീസ് വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുമുറ്റത്ത് കൊടിമരം ഡെല്‍റ്റയില്‍ ഡി വൈ എസ് പി ശ്രീരാമയുടെ നേതൃത്വത്തില്‍ 108-ഉം സോപാനത്ത് ഡി വൈ എസ് പി കെ. എല്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 104-ഉം പൊലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.