രാജമല പെട്ടിമലയില്‍ തെരച്ചില്‍ തുടരും, മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് ഭക്ഷണമില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതം

post

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്നും: ജില്ലാ കലക്ടര്‍

ഇടുക്കി : പെട്ടിമലയില്‍ അവസാന മൃതദേഹവും കണ്ടെടുക്കുന്നതുവരെ തെരച്ചില്‍ തുടരുമെന്നു ജില്ലാ കളക്ടർ അറിയിച്ചു . മൂന്നാം ദിവസത്തെ തെരച്ചിലില്‍ ആറു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ 49 പേരുടെ മൃതദേഹം പുറത്തെടുത്തു. കെഡി എച്ചി ന്റെ പട്ടിക പ്രകാരം 82 പേരാണുള്ളത്.എന്‍ ഡി ആര്‍ എഫ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, പോലീസ് കൂടാതെ സന്നദ്ധ സംഘടനകളുടെതൊക്കെയായി 300 ലധികം പേര്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തെരച്ചില്‍ വൈകിട്ട് ആറു മണിക്ക് നിര്‍ത്തേണ്ടിവന്നു. പെട്ടിമുടിയില്‍ മാറ്റി പാര്‍പ്പിച്ചവര്‍ക്ക് ഭക്ഷണമില്ലെന്ന പരാതി അടിസ്ഥാന രഹിതമാണ്. മാറിത്താമസിച്ചവരുടെ ഭാഗത്ത് നിന്ന് പരാതിയൊന്നും ഉണ്ടായിട്ടില്ല. ഭക്ഷണ സാമഗ്രികളെല്ലാം ഉറപ്പുവരുത്തിയിട്ടുണ്ട്. പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് ധനസഹായം സമാഹരിക്കുന്നതിന് ജില്ലാ ഭരണകൂടം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആര്‍ക്കെങ്കിലും ധനസഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം. പെട്ടിമുടിയിലേക്ക് സഹായം നല്‍കുന്നതിന് അക്കൗണ്ട് നമ്പര്‍ സഹിതമുള്ള സമൂഹ മാധ്യമ പ്രചാരണത്തില്‍ ആരും വഞ്ചിതരാകരുത്. പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് പോലീസ് സൈബര്‍ സെല്ലിനോട് നിര്‍ദ്ദേശിച്ചുവെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 21 ഓളം പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 600 ഓളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഒരുപാട് ആളുകള്‍ ബന്ധുവീടുകളിലേക്കും മാറി താമസിച്ചിട്ടുണ്ട്. ഇനി ഓറഞ്ച് അലര്‍ട്ടാണ്. മഴ കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. അതുകൊണ്ട് ഒരു വിധത്തിലുമുള്ള ആശങ്കയുടെ നിലയില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പിലും ഭീതിയുടെ ആവശ്യമില്ല. നാളെ മുല്ലപ്പെരിയാറില്‍ ഉപസമിതി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയും സംഭരണിയിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ തുറക്കേണ്ടിവന്നാലും എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. 1700 പേരെ വരെ മാറ്റി പാര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്‍ തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രക്ഷാ സംഘം സര്‍വ്വ സജ്ജമാണെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.