എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നേരിട്ടിറങ്ങി, കഴുകിവെടിപ്പാക്കാന്‍
 
                                                ശബരിമല: മകരവിളക്ക് മഹോത്സവ കാലത്തിന് നട തുറക്കുന്നതിന് മുന്നോടിയായി തീര്‍ത്ഥാടകര്‍ വിരിവയ്ക്കുന്ന ഇടങ്ങള്‍ ഉള്‍പ്പെടെ വെള്ളമൊഴിച്ചു കഴുകിയുള്ള അവസാനവട്ട ശുചീകരണത്തിനായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിജയകുമാര്‍ ജി. നേരിട്ടിറങ്ങി. കടകളിലും മറ്റു വ്യാപാരകേന്ദ്രങ്ങളിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന ആരംഭിക്കുകയും ചെയ്തു.
വലിയ നടപ്പന്തല്‍, സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെ വാവരുടെ നടയ്ക്ക് മുന്നില്‍ വിരിവയ്ക്കുന്നതിന്റെയും അരവണ കൗണ്ടറിന്റെയും ഭാഗങ്ങള്‍, വിശ്രമ സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് പുറമെ ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. ഉദയന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ ബിജു എന്നിവരും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും ശുചീകരണത്തില്‍ പങ്കെടുത്തു. പുലര്‍ച്ചെ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്ഥാടകരുടെ ആദ്യ സംഘം ഉച്ചയ്ക്ക് ഒരുമണിയോടെ സന്നിധാനത്ത് എത്തുംമുമ്പായി പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന് മൂന്നുമണിയോടെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ വ്യപാര സ്ഥാപനങ്ങളില്‍ സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. അളവ്, തൂക്ക, വില, ഗുണനിലവാര, ശുചിത്വ പരിശോധനകള്‍ നടത്തുന്ന സ്‌ക്വാഡില്‍ ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി, ഹെല്‍ത്ത്, എക്സൈസ് വകുപ്പ് ഉദ്യാഗസ്ഥരുമുണ്ട്. അനധികൃത കച്ചവടത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സ്‌ക്വാഡ് അധികൃതര്‍ വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തിലുള്ള 24 മണിക്കൂര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും സ്‌ക്വാഡ് പരിശോധനയും മകരവിളക്ക് മഹോത്സവം സമാപിക്കും വരെ തുടരും.










