ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു

post

പത്തനംതിട്ട അച്ചന്‍കോവില്‍ ആറ്റില്‍ വീണ് കാണാതായ പ്രമാടം സ്വദേശിയുടെ വീട്ടില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. പ്രമാടം മല്ലശേരി മുട്ടത്തു ഭാഗം പ്രസാദ് ഭവനില്‍ രാജന്‍ പിള്ളയുടെ വീട്ടിലാണ് എംഎല്‍എ സന്ദര്‍ശനം നടത്തിയത്.   ഞായറാഴ്ച പകല്‍ 11 മണിയോടെ പ്രമാടം മഹാദേവക്ഷേത്രത്തിനു സമീപം മുട്ടത്തു ഭാഗം ഇടനാഴി കടവില്‍ കാല്‍ വഴുതി വീണാണ് രാജന്‍ പിള്ളയെ കാണാതായത്. വീട്ടിലെത്തിയ എംഎല്‍എ ഭാര്യ വല്‍സലയെയും, മക്കളേയും ആശ്വസിപ്പിച്ചു.

      തുടര്‍ന്ന് രാജന്‍ പിള്ളയെ കാണാതായ ആറ്റുകടവിലും എംഎല്‍എ സന്ദര്‍ശനം നടത്തി. പരിശോധന നടത്തുന്ന ഫയര്‍ഫോഴ്‌സ് സംഘത്തോട് എംഎല്‍എ അന്വേഷണ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.  പത്തനംതിട്ട ഫയര്‍സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പോള്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ആറംഗ ടീമിനോടാണ് എംഎല്‍എ തെരച്ചില്‍ വിശദാംശങ്ങള്‍ തേടിയത്.18 പേരുടെ സംഘം മൂന്നായി തിരിഞ്ഞ് അന്വേഷണം നടത്തി വരികയാണെന്ന് അവര്‍ എംഎല്‍എയെ അറിയിച്ചു.

         നിയോജക മണ്ഡലത്തിലെ രണ്ടു  പേരെയാണ് അച്ചന്‍കോവിലാറ്റില്‍ കാണാതായിട്ടുള്ളത്. തെരച്ചില്‍ കൂടുതല്‍ ശക്തമാക്കാന്‍ ഫയര്‍ഫോഴ്സ് ജില്ലാ മേധാവിയോടും, ജില്ലാ പോലീസ് ചീഫിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. നിലവില്‍ നിയോഗിച്ചിട്ടുള്ള സംഘം തൃപ്തികരമായി അന്വേഷണം നടത്തുന്നുണ്ട്. ആറ്റിലെ ഉയര്‍ന്ന ജലനിരപ്പും, ഒഴുക്കും തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ സംഘങ്ങളെ ഇറക്കി അന്വേഷണം നടത്തുന്നതോടുകൂടി രണ്ടു പേരെയും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.