പ്രളയ ഭീഷണി കുറഞ്ഞു; ജാഗ്രത തുടരണം: മന്ത്രി കെ. രാജു

post

പത്തനംതിട്ട : ജില്ലയിലെ പ്രളയ ഭീഷണി കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു.  വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുന്നതിന് തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരത്തേ തന്നെ മാറ്റിയിരുന്നു. ആശങ്കാജനകമായ സാഹചര്യം നിലവിലില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് ജില്ലയിലെ എംഎല്‍എമാരുമായും ജില്ലാ കളക്ടറുമായും കൂടി ആലോചിച്ച ശേഷം കൊല്ലത്തുനിന്നും വള്ളങ്ങള്‍ നേരത്തെ തന്നെ എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

  തിരുവല്ല നിയോജക മണ്ഡലത്തിനു കീഴില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി പാര്‍പ്പിച്ചതായി മാത്യു. ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല താലൂക്കില്‍ 77 ക്യാമ്പുകളും മല്ലപ്പള്ളി താലൂക്കില്‍ 11 ക്യാമ്പുകളും ഇതിനോടകം തുറന്നിട്ടുണ്ട്. കൊല്ലത്തു നിന്നും ഇതുവരെ മത്സ്യ തൊഴിലാളികളുടെ 11 വളളങ്ങള്‍ തിരുവല്ലയില്‍ എത്തിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സദാ സജ്ജരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.

തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, തഹസില്‍ദാര്‍ മിനി കെ തോമസ്, ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ് സിസ്റ്റം അംഗങ്ങള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.