പത്തനംതിട്ട ജില്ലയിലേക്ക് 15 വള്ളങ്ങള്‍ കൂടി എത്തും: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട: ജില്ലയില്‍ നദികളിലെ ജലനിരപ്പ് ഉയരുന്നതു കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൊല്ലം ജില്ലയില്‍ നിന്നും 15 വള്ളങ്ങള്‍ കൂടി എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കൊല്ലം ജില്ലയിലെ നീണ്ടകര, ആലപ്പാട് എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളായ രക്ഷാപ്രവര്‍ത്തകര്‍ എത്തുക. ഇതിനോടകം തന്നെ ഏഴ് വള്ളങ്ങള്‍ ജില്ലയിലേക്ക് തിരിച്ചിട്ടുണ്ട്. 

എട്ട് വള്ളങ്ങള്‍ കൂടി എത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകിട്ടോടുകൂടി 15 വള്ളവും ജില്ലയിലെത്തും. വരുന്ന വള്ളങ്ങളില്‍ എട്ട് എണ്ണം തിരുവല്ലയ്ക്കും രണ്ടെണ്ണം അടൂരിനും നല്‍കാനാണ് നിര്‍ദേശം കൊടുത്തിട്ടുള്ളത്. ബാക്കി വള്ളങ്ങള്‍ സാഹചര്യമനുസരിച്ച് ഉപയോഗിക്കാന്‍ സാധിക്കും. 

ജൂലൈ എട്ടിന് പത്ത് വള്ളങ്ങളും  30 മത്സ്യത്തൊഴിലാളികളും അടങ്ങുന്ന സംഘം കൊല്ലത്തു നിന്നും എത്തിയിരുന്നു. ഇതില്‍ അഞ്ച് വള്ളങ്ങള്‍ ആറന്മുളയിലും അഞ്ച് വള്ളങ്ങള്‍ റാന്നിയിലുമായി വിന്യസിച്ചിരുന്നു. ജില്ലയില്‍ ആകെ 25 വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.