ശക്തമായ മഴയിൽ ജില്ലയിൽ പരക്കെ നാശം
 
                                                എറണാകുളം: കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ പല ഭാഗങ്ങളിലും വീടുകളും കെട്ടിടങ്ങളും തകർന്നു. കാലവർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആറ് വീടുകൾ പൂർണമായും 224 വീടുകൾ ഭാഗികമായും തകർന്നു. 
ജില്ലയിൽ 46 ക്യാമ്പുകൾ ആണ് നിലവിൽ പ്രവർത്തിക്കുന്നത്. 453 കുടുംബങ്ങളിലെ 1200 പേർ ക്യാമ്പുകളിൽ ഉണ്ട്. ഇതിൽ 576 പേർ സ്ത്രീകളും 462 പേർ പുരുഷന്മാരും 162 പേർ കുട്ടികളുമാണ്. 60 വയസിനു മുകളിൽ പ്രായമുള്ള 67 പേർ 8 ക്യാമ്പുകളിൽ ആയി താമസിക്കുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്കായി 2 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 18 പേരാണ് ഇവിടെ ഉള്ളത്.
ആലുവ താലൂക്കിൽ 7 ക്യാമ്പുകളും കണയന്നൂർ താലൂക്കിൽ 8 ക്യാമ്പുകളും കുന്നത്തുനാട് 2 താലൂക്കിൽ ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. കോതമംഗലം താലൂക്കിൽ 7 ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. പറവൂരിൽ 16 ക്യാമ്പുകളും മുവാറ്റുപുഴ താലൂക്കിൽ 4 ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. കൊച്ചി താലൂക്കിൽ 2 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.










