മഴക്കെടുതി; 199 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

post

തിരുവനന്തപുരം: ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 199 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.  ജില്ലയില്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍  584 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പേട്ട വില്ലേജില്‍ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിന് സമീപത്തുള്ള ഫാത്തിമ മാതാ റോഡ്, ജ്യൂസാ റോഡ് എന്നിവിടങ്ങളില്‍ രൂക്ഷമായ കടലാക്രമണമുണ്ടായി. ഇവിടെ നിന്നും 24 പേരെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 

മേനംകുളം വില്ലേജ് പരിധിയിലുള്ള തുമ്പയിലും കടല്‍ക്ഷോഭം രൂക്ഷമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. ഇവിടെനിന്നും എട്ടുപേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വിളപ്പില്‍ വില്ലേജില്‍ മൂന്ന് വീടുകള്‍ക്ക് ഭാഗീകമായി നാശനഷ്ടം സംഭവിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഒരു മരണമാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഴക്കെടുതിയില്‍ 5,867 ഹെക്ടര്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.