കാറ്റില്‍ മരം വീണു വീടുകള്‍ തകര്‍ന്നു നാശനഷ്ടം; ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു

post

പത്തനംതിട്ട : പള്ളിക്കല്‍ പഞ്ചായത്തിലെ പെരിങ്ങനാടു മുണ്ടപ്പള്ളിയിലും പന്നിവേലില്‍ ചിറയിലും പന്തളം മങ്ങാരം ഭാഗത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് വീടുകള്‍ തകരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്ത സ്ഥലങ്ങള്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം നല്‍കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. അടിയന്തിരമായി റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് അയയ്ക്കുന്നതിനും എംഎല്‍എ നിര്‍ദേശം നല്‍കി. 

  മുണ്ടപ്പള്ളി അരിപ്പാട്ടുതടത്തില്‍ അശോക കുമാറിന്റെ വീട് മരം വീണു തകര്‍ന്നു. അശോക കുമാറിന്റെ  മാതാവിനെ സാരമായ പരിക്കുകളോടെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറും ബൈക്കും നശിച്ചു. അടൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി. പന്നിവേലിക്കലില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമാ ജോഗീന്ദറിന്റെ വീടും മരം വീണ് തകര്‍ന്നു.  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി. മുരുകേശ്, പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സന്തോഷ് എന്നിവര്‍ എംഎല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

    പന്തളം മങ്ങാരം ഭാഗത്ത് മരം വീണ് കൃഷി നാശവും വീടുകള്‍ക്ക് കേടുപാടും സംഭവിച്ചു. മങ്ങാരം ഐവേലില്‍ ഉണ്ണികൃഷ്ണന്‍, മങ്ങാരം മന്നത്ത് ഉണ്ണികൃഷ്ണന്‍, നന്ദനത്തില്‍ ഉഷാകുമാരി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഗിരിജ ടീച്ചര്‍ എന്നിവരുടെ പുരയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടം ഉണ്ടായി. കെ.രാജേന്ദ്രന്‍, എസ്.അജയന്‍, വിജയകുമാര്‍ എന്നിവര്‍ എംഎല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.