മലയോര മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം: ജില്ലാ കലക്ടര്‍

post

വയനാട്: ആഗസ്റ്റ് അഞ്ച്, ആറ് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്  ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുപത്തി നാല് മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന മലയോര മേഖലയിലുള്ളവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള  അറിയിച്ചു. ആഗസ്റ്റ് 7,8,9 ദിവസങ്ങളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുളളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമായതോ അതിശക്തമായതോ ആയ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 115.6 എം.എം. മുതല്‍ 204. 4 എം.എം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

അതിശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട് കൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ദുരന്ത സാധ്യത മേഖലയിലുള്ളവരെ  മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഏതൊരു അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  

മേപ്പാടി ചൂരല്‍മലയില്‍ 370 മില്ലിമീറ്റര്‍, മുണ്ടക്കൈ 241 മില്ലിമീറ്റര്‍, തൊണ്ടര്‍ നാട് തേറ്റമല 180 മില്ലിമീറ്റര്‍, പേര്യ 168 മില്ലിമീറ്റര്‍, പടിഞ്ഞാറത്തറ 178 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം (ആഗസ്റ്റ് 3 ന് രാവിലെ 8.30 മുതല്‍ 4 ന് 8.30 വരെ) ലഭിച്ച മഴയുടെ കൂടിയ അളവ്. ബ്രഹ്മഗിരിമലയുടെ സമീപ പ്രദേശങ്ങളിലും, എടവക പഞ്ചായത്തിലും കൂടുതല്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ മാനന്തവാടി പുഴ, വൈത്തിരി പുഴ, കാളിന്ദി പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.നൂല്‍പ്പുഴ ഇപ്പോള്‍തന്നെ കരകവിഞ്ഞാണ് ഒഴുകുന്നത്. അതിനാല്‍ സമീപ വാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

കാരാപ്പുഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രണ്ട് സ്പില്‍ വേ ഷട്ടറുകള്‍ 15 സെന്റീ മീറ്റര്‍ വീതവും ഒരു ഷട്ടര്‍ 5 സെന്റിമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്. സെക്കണ്ടില്‍ 13.18 ഘനമീറ്റര്‍ വെളളമാണ് പുറത്തേക്കൊഴുകുന്നത്. 757.70 മീറ്ററാണ് ജല നിരപ്പ്. (ഇന്നലെ ഉച്ചയ്ക്ക് 3.30).

ജില്ലയില്‍ കനത്ത മഴ തുടരുന്നത് നിലമ്പൂര്‍ ചാലിയാര്‍, ഇരുവഴിഞ്ഞി പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകും. അതിനാല്‍ ഈ പുഴകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.