ബഡ്‌സ് സ്‌കൂള്‍ ബസ് ആംബുലന്‍സാക്കി എരഞ്ഞോളി പഞ്ചായത്ത്

post

കണ്ണൂര്‍ :കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഡ്സ് സ്‌കൂള്‍ ബസ് ആംബുലന്‍സ് ആക്കി എരഞ്ഞോളി പഞ്ചായത്ത്. പ്രദേശത്തെ യുവാക്കളുടെ സഹകരണത്തോടെയാണ് സ്‌കൂള്‍ ബസിനെ കൊവിഡ് കാലത്തെ താല്‍കാലിക ആംബുലന്‍സ് ആക്കി മാറ്റിയത്. 13000 രൂപ ചെലവിലാണ് എരഞ്ഞോളിയിലെ ബഡ്‌സ് സ്‌കൂളിന്റെ 17 സീറ്റ് ഉള്ള ബസിന് രൂപമാറ്റം വരുത്തിയത്. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഒരു അടിയന്തിര സാഹചര്യത്തില്‍ സ്‌കൂള്‍ ബസ് ആംബുലന്‍സ് സൗകര്യത്തിനായി വിട്ടുകൊടുക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡണ്ട് എ കെ രമ്യ പറഞ്ഞു. എരഞ്ഞോളിയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സന്ദര്‍ശിക്കാനെത്തിയ സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനോട് പഞ്ചായത്ത് അധികൃതര്‍ ഇത്തരം ഒരു ആശയം അറിയിച്ചപ്പോള്‍ തന്നെ അനുമതി ലഭിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആംബുലന്‍സ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി വിട്ടു കൊടുത്തു.