മാര്‍ച്ച് 31ന് അകം 3600 പട്ടയങ്ങള്‍ വിതരണത്തിന് തയാറാകും: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട : മാര്‍ച്ച് 31ന് അകം 3600 പട്ടയങ്ങള്‍ വിതരണത്തിന് തയാറാകുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍  ഊര്‍ജിതമാക്കുന്നതിനും, പട്ടയ വിതരണവുമായി ബന്ധപ്പെട്ട് സര്‍വേ ടീമിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും, നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും സീതത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
കോന്നി താലൂക്കില്‍ ഇതുവരെ 5677 അപേക്ഷകളാണ് പട്ടയത്തിനായി ലഭിച്ചിട്ടുള്ളത്. ചിറ്റാര്‍ 1887, സീതത്തോട് 1151, അരുവാപ്പുലം 969, തണ്ണിത്തോട് 1460, കോന്നിത്താഴം 116, കലഞ്ഞൂര്‍ 94, എന്നിങ്ങനെ ആകെ  5677 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇവയില്‍  സര്‍വേ സ്‌കെച്ച് ലഭ്യമായിട്ടുള്ളത് 3869 അപേക്ഷകള്‍ക്കാണ്.  ബാക്കി 1808 അപേക്ഷകളുണ്ട്.
ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈയേറി കൈവശം വച്ചുവരുന്ന ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി, വനംവകുപ്പുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ വന ഭൂമി കൈയേറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ള 1970.04 ഹെക്ടര്‍ ഭൂമിയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിക്കായി ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുണ്ട്. ജിപിഎസ്  കോഓര്‍ഡിനേറ്റ്‌സ് എടുക്കുന്നതിനായി വനംവകുപ്പിന്റെ കൈവശമുള്ള ഹാന്‍ഡ് ഹെല്‍ഡ് ജിപിഎസ് മെഷീനിന്റെ സഹായത്തോടെ പ്രത്യേക ടീമിനെ നിയോഗിച്ച് ജിയോ കോ ഓര്‍ഡിനേറ്റ്‌സ് എടുത്ത് വനം വകുപ്പിന്റെ സഹായത്തോടു കൂടി  രേഖകളെല്ലാം ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ട്.
സര്‍വേ നടപടികള്‍ക്കായി മൂന്ന് പഞ്ചായത്തുകളിലായി  ഒന്‍പത് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. സര്‍വേയുടെ സുഗമമായ നടത്തിപ്പിനായി ടീമുകളിലെ ലീഡറും, രാഷ്ട്രീയ കക്ഷി നേതാക്കളും ഉള്‍പ്പടെയുള്ള കോഓര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കും. എം എല്‍ എ, തഹസില്‍ദാര്‍ എന്നിവര്‍ താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും കളക്ടര്‍ പറഞ്ഞു.