കോവിഡിനെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ ഡിസ്ഇന്‍ഫെക്ഷന്‍ ടീമുകള്‍

post

പത്തനംതിട്ട: കോവിഡിനെ പ്രതിരോധിക്കാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി കുടുംബശ്രീ ജില്ലാ മിഷന്‍. പ്രതിസന്ധികളെ തരണം ചെയ്യാന്‍ അവയിലെ അവസരങ്ങളെ കണ്ടെത്തുന്നതാണ് യാഥാര്‍ഥ മാര്‍ഗമെന്നു തെളിയിക്കുകയാണ് കുടുംബശ്രീ. പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണു നശീകരണം നടത്താന്‍ കുടുംബശ്രീ സംരംഭ ടീം സജ്ജമായി കഴിഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധത്തിലൂടെ ഉപജീവനം കണ്ടെത്തുകയാണ് കുടുംബശ്രീ ടീം. ഓരോ ബ്ലോക്കില്‍ നിന്നും ഓരോ ടീം വീതമാണ് ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി സജ്ജമാക്കിയിരിക്കുന്നത്. അഗ്‌നിശമന വിഭാഗത്തിന്റെയും  ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടീമിനു വിദഗ്ധ പരിശീലനം പൂര്‍ത്തീകരിച്ചു വരുന്നു. ജില്ലയിലെ ആദ്യ ഡിസ് ഇന്‍ഫെക്ഷന്‍ ടീമായ പത്തനംതിട്ട നഗരത്തിലെ ആറ് അംഗ സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയാക്കി. 

ഡിസ് ഇന്‍ഫെക്ഷന്‍ ടീമിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ ചെല്‍സാ സിനി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എല്‍. ഷീല, കെ. എച്ച്. സലീന, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ എലിസബത്ത് എന്നിവര്‍ പങ്കെടുത്തു. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി അതിജീവന പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കി വരുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കമ്മ്യൂണിറ്റി കിച്ചന്‍, ജനകീയ ഹോട്ടല്‍, മുഖ്യമന്ത്രിയുടെ സഹായഹസ്തം, ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാശ്രീ ലാപ്ടോപ്പ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ജില്ലയിലെ ഡിസ് ഇന്‍ഫെക്ഷന്‍ ടീം. കോവിഡ് പ്രവര്‍ത്തനത്തോടൊപ്പം വനിതകള്‍ക്ക് വരുമാനം ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു. ഒരു ഗ്രൂപ്പില്‍ നിന്ന് മൂന്നു മുതല്‍ ആറു വരെ അംഗങ്ങളാകാം. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ഒരു സ്‌ക്വയര്‍ ഫീറ്റിന് 1.85 രൂപയും പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് 2.25 രൂപ നിരക്കിലും സേവനം നല്‍കും. ഫോണ്‍: 9188112605.