ലൈഫ്മിഷന്‍ പട്ടികയില്‍ അര്‍ഹരായ എല്ലാവരും ഉണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം

post

പത്തനംതിട്ട : ലൈഫ്മിഷന്‍ പട്ടികയില്‍ അര്‍ഹരായ എല്ലാവരും ഉണ്ടെന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്നു ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

അര്‍ഹരായ എല്ലാവരുടേയും അപേക്ഷകള്‍ സ്വീകരിച്ച് പട്ടിക തയ്യാറാക്കണം. വിവരങ്ങള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന്  ഉറപ്പു വരുത്തണം. അതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ പ്രചാരണ പ്രവര്‍ത്തങ്ങള്‍ നടത്തണം. സാമൂഹിക അകലം പാലിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സൗകര്യമുള്ള ക്ലബ്ബുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

ആഗസ്റ്റ് 1 മുതല്‍ 14 വരെ അപേക്ഷിക്കാം 

ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെപോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ആഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴിയോ സ്വന്തമായോ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍/പെന്‍ഷന്‍കാര്‍ എന്നിവര്‍ അര്‍ഹരല്ല. അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാര്‍ഗരേഖയില്‍ വിശദമാക്കിയിട്ടുണ്ട്.  

നിബന്ധനകളില്‍ ഇളവ് ലഭിക്കുന്നവര്‍ 

പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ട്. പഞ്ചായത്തില്‍ 25 സെന്റും, നഗരസഭയില്‍ 5 സെന്റിലധികവും ഭൂമിയുണ്ടാകരുത്.സ്വകാര്യ നാലു ചക്രവാഹനമുള്ള കുടുംബത്തിന് അര്‍ഹതയില്ല. ഭൂമി ഭാഗം ചെയ്ത് നല്‍കിയതുമൂലം ഭൂരഹിതരായവര്‍ക്ക് അര്‍ഹതയില്ല. നിലവിലെ വീട് ജീര്‍ണിച്ചതും, യാതൊരു സാഹചര്യത്തിലും അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. 

മുന്‍ഗണന ലഭിക്കുന്നവര്‍ 

ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ധനസഹായം, ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസവുമാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്.

മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, തളര്‍ച്ച ബാധിച്ച കുടുംബാംഗം, അഗതി/ആശ്രയ ഗുണഭോക്താക്കള്‍, ഭിന്നശേഷിയുള്ളവര്‍, ഭിന്ന ലിംഗക്കാര്‍, കാന്‍സര്‍, ഹൃദ്രോഗം, കിഡ്നി തകരാര്‍, പക്ഷാഘാതം തുടങ്ങിയവയുള്ള കുടുംബാംഗം, അവിവാഹിതയായ അമ്മ കുടുംബനാഥ, എച്ച്.ഐ.വി ബാധിതരുള്ള കുടുംബം, രോഗമോ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാവാത്ത കുടുംബനാഥന്‍/നാഥ എന്നിവര്‍ക്ക് മുന്‍ഗണന.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്

റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബമാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

2017 ല്‍ ലിസ്റ്റില്‍ ഉണ്ടായിരിക്കുകയും റേഷന്‍കാര്‍ഡ്, വാസയോഗ്യമായ വീടുണ്ട് മുതലായ കാരണങ്ങളാല്‍ വീട് ലഭിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് പുതിയ മാനദണ്ഡപ്രകാരം അര്‍ഹതയുണ്ടെങ്കില്‍ പുതിയ അപേക്ഷ നല്‍കാം. പി.എം.എ.വൈ/ ആശ്രയ/ ലൈഫ് സപ്ലിമെന്ററി ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ വീട് ലഭിക്കാത്തവര്‍ക്ക് പുതിയതായി അപേക്ഷിക്കാം. സൂക്ഷ്മപരിശോധന നടത്തി വരുന്ന എസ്.സി, എസ്.ടി, ഫിഷറീസ് അഡീഷണല്‍ ലിസ്റ്റില്‍ പെട്ടവരും, ലൈഫ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ അര്‍ഹതാ ലിസ്റ്റില്‍ ഉള്ളവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക 

ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും.  ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പരാതികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികള്‍ അതാത് നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണു സമര്‍പ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകള്‍ ജില്ലാ കളക്ടറുമായിരിക്കും പരിശോധിക്കുക. സെപ്റ്റംബര്‍ 26നകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30 ന് അന്തിമ അംഗീകാരവും ലിസ്റ്റ് പ്രസിദ്ധീകരിക്കലും നടക്കും.

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും സെക്രട്ടറിമാരും, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി എന്നിവരും പങ്കെടുത്തു.