ഹൈടെക്കായി ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

ഇടുക്കി : ഉടുമ്പന്‍ചോല ഹൈടെക് പോലീസ് സ്റ്റേഷന്റെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പോലീസ് സംവിധാനം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍  ആവശ്യമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ആറ് പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍, വിവിധ കോര്‍ട്ടേഴ്സുകള്‍, കാസര്‍ഗോഡ് ജില്ലാ പരിശീലന കേന്ദ്രം, തൃശൂര്‍ പോലീസ് അക്കാദമിയിലെ ബാരക്ക് തുടങ്ങിയവയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ജോലിയുടെ പ്രത്യേകതയും വൈവിധ്യവും കാരണം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം കഴിയാന്‍ സമയം കുറവാണ്. സ്വന്തം കുടുംബത്തില്‍ നിന്ന് പോയി വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനാകുന്നുണ്ട്. ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് പോലിസ് ക്വാര്‍ട്ടേഴ്സുകള്‍ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. കോവിഡ് മഹാമാരി എങ്ങനെ തടയനാകും എന്ന പരിശ്രമത്തിലാണ് ഏവരും. ഇതില്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരുമാണ് മുന്‍പന്തിയിലുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി പോലീസ് സേനയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ല എങ്കിലും സേന മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ജനങ്ങള്‍ അനുസരിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

ജില്ലയിലെ ആദ്യത്തെ ഹൈടെക് പോലീസ് സ്റ്റേഷന്‍ എന്ന പ്രത്യേകത കൂടിയുണ്ട് ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്.  കഴിഞ്ഞവര്‍ഷം പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച പോലീസ് സ്റ്റേഷനാണ് പുതിയ ഹൈടെക്ക് മന്ദിരത്തേലേയ്ക്ക് മാറുന്നത്. 1.38 കോടി  രൂപ മുടക്കിയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞവര്‍ഷം ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്‍ തുടങ്ങിയപ്പോള്‍ പ്രവര്‍ത്തിക്കാനാവശ്യമായ അടിസ്ഥാന സൗകര്യം പഞ്ചായത്താണ് ഒരുക്കിയത്. 1936-ല്‍ ഐക്യകേരളത്തിനു മുന്‍പ് ഉണ്ടായിരുന്ന ഉടമ്പന്‍ചോല പോലീസ് സ്റ്റേഷന്‍ 1984ല്‍ ശാന്തന്‍പാറ പോലീസ് സ്റ്റേഷനായി മാറ്റുകയായിരുന്നു. പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടം നവീകരിച്ചാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ ഉടുമ്പന്‍ചോലയില്‍ വീണ്ടും ആരംഭിച്ചത്. അന്നും മുഖ്യമന്ത്രി തന്നെയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും നിര്‍വഹിച്ചത്.

ഉടുമ്പന്‍ചോലയില്‍ നടന്ന പ്രാദേശിക യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി ഐ.പി.എസ്, ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സുനില്‍ കുമാര്‍, സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് കാഞ്ഞിരക്കോണം, മൂന്നാര്‍ ഡി.വൈ എസ്.പി എം. രമേഷ് കുമാര്‍ , പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.