രാജകുമാരിയിലും ഉടുമ്പന്‍ചോലയിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറായി
ഇടുക്കി : കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയ്ക്ക് രാജകുമാരി, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തുകളില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറന്നു. രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 100 രോഗികള്‍ക്ക് താമസിക്കാനുള്ള സൗകര്യം സജ്ജികരിച്ചിട്ടുണ്ട്. രാജകുമാരിയില്‍ നിലവില്‍ 50 രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യം ഒരുക്കി. ആവശ്യമെങ്കില്‍ 100 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യവും സ്‌കൂളിലുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു അറിയിച്ചു. കട്ടില്‍, കിടക്ക തുടങ്ങിയ ഭൗതിക സാഹചര്യങ്ങളൊരുക്കുന്നതിന് വിവിധ സന്നദ്ധ-രാഷ്ട്രീയ സംഘടനകളുടെയും വ്യാപാരികളുടെയും സഹായവും ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ്, വിവിധ രാഷ്ട്രീയ യുവജന സംഘടനകള്‍ എന്നിവര്‍ സംയുക്തമായാണ് കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കിയത്. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ ജില്ലാഭരണകൂടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.