ആദ്യഘട്ടമായി സി.എഫ്.എല്‍.ടി.സികളില്‍ 6500 ബെഡുകള്‍ ക്രമീകരിക്കും

post

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി (സി.എഫ്.എല്‍.ടി.സി) കണ്ടെത്തിയ കെട്ടിടങ്ങളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ജൂലൈ 23ന് ഉള്ളില്‍ ഏകദേശം 6500 ബെഡുകള്‍ ക്രമീകരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എസ്. ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ നിന്നു നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 100 ബെഡുകള്‍ വീതവും എല്ലാ നഗരസഭകളിലും 250 ബെഡുകള്‍ വീതവും ക്രമീകരിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രാഥമികമായി മന്ത്രിയുടെയും എംപിയുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തതിനേ തുടര്‍ന്ന് മണ്ഡല അടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സി.എഫ്.എല്‍.ടി.സി ക്രമീകരിക്കുന്നതിനായി കെട്ടിടങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വലിയതോതില്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കെട്ടിടങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം തന്നെ രണ്ടാം  ഘട്ടമായി 3500 ബെഡുകള്‍ കൂടി ഉള്‍പ്പെടുത്തി 10000 ബെഡുകള്‍ ക്രമീകരിക്കുന്നതിനായി കെട്ടിടങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഇതുവരെ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 96 കെട്ടിടങ്ങളാണ് സി എഫ്.എല്‍.ടി.സികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ളത്. ഈ കെട്ടിടങ്ങള്‍ സെന്ററുകളാക്കി മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായാണ് വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്നത്. ഈ വരുന്ന നാല് ദിവസങ്ങള്‍ക്കുള്ളില്‍ കട്ടില്‍, ബെഡ് തുടങ്ങിയവ ക്രമീകരിച്ച് സി.എഫ്.എല്‍.ടി.സികളായി സജീകരിക്കുമെന്നും സി.എഫ്.എല്‍.ടി.സിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

എഡിഎം അലക്‌സ് പി തോമസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, തഹസീല്‍ദാര്‍മാര്‍, ഡിഡിപി, ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന്‍, സീനിയര്‍ സൂപ്രണ്ട് ബി. ജ്യോതി, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ ഹരിദാസ്, ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍, പി.ഡബ്ല്യൂ.ഡി, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.