രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജുകളിൽ ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി

post

81 പുതിയ മെഡിക്കൽ പിജി സീറ്റുകൾക്ക് എൻഎംസി അനുമതി

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി സീറ്റുകൾ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് സീറ്റുകൾ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാർ കാൻസർ സെന്ററിൽ റേഡിയേഷൻ ഓങ്കോളജിയിൽ പിജി സീറ്റുകൾ അനുവദിക്കപ്പെട്ടു. ന്യൂക്ലിയർ മെഡിസിനിലേയും റേഡിയേഷൻ ഓങ്കോളജിയിലേയും ഉൾപ്പെടെ പിജി സീറ്റുകൾ കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്തിന് കൂടുതൽ കരുത്ത് പകരും. 81 പുതിയ മെഡിക്കൽ പിജി സീറ്റുകൾക്കാണ് കേരളത്തിന് ഇത്തവണ എൻഎംസി അനുമതി നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് 17, എറണാകുളം മെഡിക്കൽ കോളേജ് 15, കണ്ണൂർ മെഡിക്കൽ കോളേജ് 15, കൊല്ലം മെഡിക്കൽ കോളേജ് 30, കോഴിക്കോട് മെഡിക്കൽ കോളേജ് 2, മലബാർ കാൻസർ സെന്റർ (എംസിസി) 2.

മെഡിക്കൽ കോളേജുകൾക്കായി 270 അധ്യാപക തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പിജി സീറ്റുകൾ ലഭ്യമായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലും, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലും പിജി സീറ്റുകൾ അനുവദിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.