ജില്ലയിലെ നാലാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

post

പത്തനംതിട്ട : ജില്ലയിലെ നാലാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പത്തനംതിട്ട ജിയോ ആശുപത്രിയില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിലവില്‍ 90 കിടക്കകളാണ് ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുള്ളത്.  ചാര്‍ജ് ഡോക്ടര്‍ അടക്കം അഞ്ചു ഡോക്ടര്‍മാരെയും, ഏഴ് നഴ്സുമാരെയും, ഏഴ് പാരാമെഡിക്കല്‍ സ്റ്റാഫിനേഴും നിയമിച്ചിട്ടുണ്ട്.

ജില്ലയില്‍ റാന്നി മേനാന്തോട്ടം ആശുപത്രി, പന്തളം അര്‍ച്ചന ആശുപത്രി, ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രി എന്നിവയാണ് മറ്റ് മൂന്നു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍. ആറന്‍ന്മുള മണ്ഡലത്തില്‍ 10 ദിവസത്തിനുള്ളില്‍ പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയും ഇരവിപേരൂര്‍ കൊട്ടയ്ക്കാട് സിഎഫ്എല്‍ടിസിയും ഉള്‍പ്പെടെ 1,700 സിഎഫ്എല്‍ടിസി ബെഡുകള്‍ സജ്ജമാക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിവരുന്നതായും എംഎല്‍എ പറഞ്ഞു. ജില്ലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി എല്ലാ താലൂക്കുകളില്‍ നിന്നും ഏകദേശം 6,500 ബെഡുകള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ചടങ്ങില്‍ സംബന്ധിച്ച ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.

ജിയോ സിഎഫ്എല്‍ടിസിയില്‍ വരും ദിവസങ്ങളിലായി മൊത്തം 120 ബഡ് സജ്ജമാക്കും. കോവിഡ് പോസിറ്റീവ് കേസുകളും കോവിഡ് സംശയിക്കുന്ന രോഗികളെയുമാണ് സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കുന്നത്. പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ ബെഡ്, മെത്ത, പാത്രം, മഗ്, കപ്പ്, ഗ്ലാസ്, സാനിറ്റെസര്‍, ബക്കറ്റ്, വേയ്റ്റ് ബിന്‍, ആഹാരം, കുടിവെള്ളം, മാലിന്യ നിര്‍മാര്‍ജനം എന്നിവ നഗരസഭ ക്രമീകരിച്ചിരിക്കുന്നു. മരുന്ന്, ഉപകരണങ്ങള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവരെ ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തുന്നു. ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ റോസ്ലിന്‍ സന്തോഷ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ആര്‍.രാജലക്ഷ്മി, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.