ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

post

4 അവയവങ്ങള്‍ ദാനം ചെയ്തു

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിലാണ് ഹൃദയം മിടിക്കുക. തിരുവനന്തപുരം, മലയിന്‍ കീഴ്, തച്ചോട്ട് കാവ് സ്വദേശി അമല്‍ ബാബുവിന്റെ (25) ഹൃദയം ഉള്‍പ്പടെയുള്ള 4 അവയങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കിയത്.

തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അമല്‍ ബാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.

മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം അവയവങ്ങള്‍ എത്രയും പെട്ടെന്ന് അതാത് ആശുപത്രികളില്‍ എത്തിക്കാന്‍ കെ-സോട്ടോ നടപടി സ്വീകരിച്ചു. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ ആണ് ഉപയോഗിച്ചത്. റോഡ് മാര്‍ഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിച്ചിരുന്നു. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.

ഈഞ്ചക്കലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അമല്‍ ഒക്ടോബര്‍ 12ന് രാത്രി ഒന്‍പതിന് ജോലി ചെയ്തു മടങ്ങുമ്പോള്‍ കുണ്ടമണ്‍ കടവിന് സമീപം അമല്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ വശത്ത് നിന്ന് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഒക്ടോബര്‍ 15ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.

അച്ഛന്‍ എ. ബാബു (റിട്ട. എസ്.ഐ), അമ്മ ഷിംല ബാബു, സഹോദരി ആര്യ എന്നിവരാണ് അമല്‍ ബാബുവിന്റെ കുടുംബാംഗങ്ങള്‍.