കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ;തദ്ദേശ സ്ഥാപനങ്ങളുമായി കളക്ടര്‍ ചര്‍ച്ച നടത്തി

post

കൊച്ചി: കോവിഡ് ചികിത്സയ്ക്കായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. സുഹാസ് തദ്ദേശ സ്ഥാപന മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. അടുത്ത ദിവസങ്ങളിൽ ഓരോ പഞ്ചായത്തിലും എഫ്. എൽ. ടി. സി കൾ ആരംഭിക്കണമെന്ന് കളക്ടർ നിർദേശം നൽകി. പഞ്ചായത്തുകളിൽ ശരാശരി 100 പേർക്കുള്ള എഫ്. എൽ. ടി. സി യും ഓരോ നഗരസഭ ഡിവിഷനിലും ശരാശരി 50 പേർക്ക് താമസിക്കാവുന്ന എഫ്. എൽ. ടി. സി കളും സജ്ജമാക്കണം.

ഓരോ പഞ്ചായത്തിലും കോവിഡ് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കണം. തഹസിൽദാർമാർ ഇതുറപ്പാക്കണം. തഹസിൽദാർ നിർദേശിക്കുന്ന പ്രതിനിധി, പഞ്ചായത്ത്‌ പ്രതിനിധി, എസ്. ഐ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ എന്നിവർ കമ്മിറ്റിയുടെ ഭാഗമാവണം. പഞ്ചായത്തുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കണം. എഫ്. എൽ. ടി. സി കളിൽ ടെലി മെഡിസിൻ സംവിധാനവും സ്വാബ് കളക്ഷൻ സെന്ററും പ്രവർത്തിക്കണം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ പ്രവർത്തിക്കേണ്ട മെഡിക്കൽ, ആവശ്യ സാധനങ്ങളുടെ കടകളുടെ പട്ടിക തയ്യാറാക്കണം.

പഞ്ചായത്തിലെ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും അവശ്യ ഘട്ടത്തിൽ അവരുടെ സേവനം ഉറപ്പാക്കുകയും ചെയ്യാം. തയ്യാറാക്കുന്ന എഫ്. എൽ. ടി. സി കളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. വൃത്തിയുള്ള മുറികൾ, ശുചിമുറികൾ, ഭക്ഷണം, ശുദ്ധ ജലം എന്നിവ ഉറപ്പാക്കണം. കട്ടിൽ, ബെഡ്, പാത്രങ്ങൾ, ബക്കറ്റ്, കപ്പ്‌ തുടങ്ങിയവയും ക്രമീകരിക്കണം. വിവിധ വിഷയങ്ങളിൽ ശക്തമായ ബോധ വത്കരണം നടത്തണം. ഓരോ പഞ്ചായത്തിലും ഒന്നിലധികം ഡബിൾ ചേംബർ വാഹനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കണം. ജില്ലയിലെ എഫ്. എൽ. ടി. സിയുടെ ക്രമീകരണത്തിന്റെ ചുമതല ഐ. എ. എസ് ഉദ്യോഗസ്ഥനായ ജെറോമിക് ജോർജിനാണ്.