തോപ്രാംകുടി, ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

post

പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

ഇടുക്കി : പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാലാനുസൃതമായ സൗകര്യങ്ങളാണ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ തോപ്രാംകുടി, ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരങ്ങളുടെ  ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളിലും മികച്ച സൗകര്യം സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധിയായ ആവശ്യങ്ങള്‍ക്ക്  ജനങ്ങള്‍ നേരിട്ടു ബന്ധപ്പെടുന്നു എന്നുള്ള നിലയില്‍  രജിസ്ട്രേഷന്‍ ഓഫീസുകളില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതുകൊണ്ട് കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ്  സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഓഫീസുകള്‍ അഴിമതി രഹിതമാക്കി മാറ്റുന്നതിന് വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ ഇ പേമന്റ് സംവിധാനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫീസ് അടക്കുന്ന ഇ-പേമെന്റ് സംവിധാനം നടപ്പിലാക്കിയതോടെ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ക്യാഷ്ലെസ് ആയി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് വേണ്ടി അനശ്വര എന്ന പദ്ധതി നടപ്പിലാക്കി. ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകള്‍  ഇ-സ്റ്റാമ്പിങ്ങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബിഎസ്എന്‍എല്ലിന്റെ ഒപ്റ്റിക് ഫൈബര്‍ കണക്ഷനുകള്‍ നല്‍കും. ആധാര രജിസ്ട്രേഷന്‍ നടപടികള്‍ ലളിതവും സുതാര്യവുമാക്കി രജിസ്ട്രേഷന്‍ ഓഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആകെ 315 സബ് രജിസ്ട്രാര്‍ ഓഫീസുകളാണുള്ളത് അതില്‍ 107 എണ്ണം നിലവില്‍  വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാലം പഴക്കമുള്ള  കെട്ടിടങ്ങളിലും 53 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള നടപടികളാണ്  സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ച് വരുന്നത്. പഴക്കമേറിയ ഓഫീസുകള്‍ പുതിക്കി പണിയുന്നതിനും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനും സര്‍ക്കാര്‍  ആദ്യ ബജറ്റില്‍ തന്നെ  കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായി 48 സബ് രജിസ്ട്രാര്‍ ഓഫീസുകളും 3 രജിസ്ട്രേഷന്‍ കോംപ്ലക്സുകളുമാണ് നിര്‍മ്മിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 14 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്വന്തമായി കെട്ടിടമുള്ള 236  ഓഫീസുകള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചതായും രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലയിലെ തോപ്രാംകുടി, ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് പുറമെ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം, കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ എന്നിവിടങ്ങളിലെ രജിസ്്രേടഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനോദ്ഘാടനവും വയനാട് ജില്ലയിലെ മാനന്തവാടി, തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി വീഡിയോകോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. രജിസ്‌ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അദ്ധ്യക്ഷത, വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി മുഖ്യപ്രഭാഷണം നടത്തി.