ഇനി ഞാന്‍ ഒഴുകട്ടെ: നീര്‍ച്ചാലുകളെ വീണ്ടെടുത്ത് മൂന്നാര്‍
ഇടുക്കി: നീര്‍ച്ചാലുകള്‍ വീണ്ടെടുക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിക്ക് മൂന്നാറില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. മൂന്നാര്‍ ടൗണിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റെ ശുചീകരണ പ്രവര്‍ത്തനമാണ് പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ നടത്തിയത്. ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവരുടെ സഹകരണത്തോടെ മുതിരപ്പുഴയാറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.
പുഴയില്‍ ഇറങ്ങിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, ഡിവൈഎസ്പി രമേശ് കുമാര്‍, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമി ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.