ജില്ലയിൽ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാൻ തീരുമാനം

post

എറണാകുളം : അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനുമായി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന ആളുകൾക്ക് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആന്റിജൻ പരിശോധന നടത്താൻ തീരുമാനമായി. മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിലാണ് പരിശോധന വർധിപ്പിക്കാൻ തീരുമാനം ആയത്.

മാനദണ്ഡ പ്രകാരം പൂൾ ടെസ്റ്റിംഗ് വഴി കൂടുതൽ സാമ്പിളുകൾ പരിശോധിക്കും. സെന്റിനൽ സർവെയ്‌ലൻസിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പരിശോധന നടത്തും. ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി എത്തുന്ന ആളുകൾക്ക് സ്വകാര്യ ലാബുകളിൽ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തും. സ്വകാര്യ ആശുപത്രികളിൽ ആന്റിജൻ ടെസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദേശം നൽകി. പരിശോധനക്കായി അമിതമായ തുക ഈടാക്കാതിരിക്കാൻ നടപടി സ്വീകരിക്കും

കൺടൈൻമെൻറ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന നിശ്ചിത കടകൾമാത്രം തുറന്നു പ്രവർത്തിക്കും. വില്ലേജ് ഓഫീസർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, പോലീസ് പ്രതിനിധി എന്നിവർ അടങ്ങിയ സംഘം ഓരോ ദിവസവും തുറക്കേണ്ട കടകൾ നിശ്ചയിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ഉണ്ടാവില്ല. അവശ്യ സർവിസുകൾ, ആശുപത്രി ജീവനക്കാർ, പാരാമെഡിക്കൽ സ്റ്റാഫ്‌, ശുചീകരണ തൊഴിലാളികൾ, വിമാനങ്ങളിലും ട്രെയിനിലുമായി നിരീക്ഷണത്തിന് എത്തുന്ന ആളുകൾ, തുടങ്ങിയവർക്ക് ഐഡന്റിറ്റി കാർഡുകൾ ഉപയോഗിച്ച് യാത്ര അനുവദിക്കും. ബാങ്കുകൾ മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. മാനദണ്ഡങ്ങൾ പാലിക്കാത്ത കടകളിൽ നിന്ന് 10000 രൂപ ഫൈൻ ഈടാക്കും. പുറത്തിറങ്ങുന്ന ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. അന്യ സംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി വരുന്ന വാഹനങ്ങൾ നിശ്ചിത സമയത്തിൽ അധികം മാർക്കറ്റുകളിൽ ചിലവഴിക്കാൻ പാടില്ല. ലോഡുമായി എത്തുന്ന വാഹനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ മടങ്ങിയില്ലെങ്കിൽ ഡ്രൈവർമാരിൽ നിന്നും സാധനമെത്തിക്കുന്ന കടകളിൽ നിന്നും പിഴ ഈടാക്കും. പൊതുജനങ്ങളുമായി ഇവർ ഇടപെടുന്ന സാഹചര്യങ്ങൾ അനുവദിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

സ്വദേശത്തു നിന്നും മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കായി പ്രത്യേക ഇന്സ്ടിട്യൂഷൻ ക്വാറന്റൈൻ സംവിധാനം ഒരുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും.