വിദ്യാര്‍ഥികള്‍ക്ക് 'ഹോപ്പ്' ; പദ്ധതിയുമായി പോലീസ്

post

പത്തനംതിട്ട: വിദ്യാര്‍ഥികളില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ആത്മവിശ്വാസം ഉയര്‍ത്തുന്നതിനും പഠനമികവ് ഉയര്‍ത്തി മികച്ച വിജയം നേടാന്‍ സഹായിക്കുന്നതിനും കേരളാ പോലീസ് ആവിഷ്‌കരിച്ച 'ഹോപ്പ്' പദ്ധതി പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിര്‍വഹിച്ചു.

പരീക്ഷകളില്‍ നല്ല മാര്‍ക്ക് വാങ്ങുന്നതുപോലെ പ്രധാനമാണ് നല്ല മൂല്യങ്ങള്‍ പകര്‍ത്തി ജീവിതത്തില്‍ മികച്ച വ്യക്തിത്വം രൂപവത്ക്കരിക്കുന്നതും നല്ല മനുഷ്യനായി മാറുന്നതുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. പരീക്ഷയില്‍ തോല്‍ക്കുന്നു എന്നത് ജീവിതപരീക്ഷയിലെ തോല്‍വി ആയി കാണരുത്. അതില്‍ നിന്നും പാഠങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ നിര്‍ത്തുകയോ, പത്താം ക്ലാസ് , പ്ലസ് ടൂ പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി ചിട്ടയായ പരിശീലനം നല്‍കി വിദ്യാഭ്യാസ വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, പോലീസും ചേര്‍ന്ന് പൊതുജനപങ്കാളിത്തത്തോടെ നടത്താന്‍ ഉദ്ദേശിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലും പഠനക്ലാസിലും നൂറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സഭാ ഹാളിലാണ് നടന്നത്. അഡീഷണല്‍ എസ്.പി: എസ്.ശിവപ്രസാദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈഎസ്.പി:ആര്‍ പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു.  അധ്യാപകനും ഹോപ് പദ്ധതി റിസോഴ്‌സ് പേഴ്‌സണുമായ ബി.ഹരി, ജി.സുനില്‍കുമാര്‍, പത്തനംതിട്ട പ്രതിഭ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.ആര്‍ അശോക്കുമാര്‍, മാര്‍ ഫിലോസിനോസ് ഐടിസി പ്രിന്‍സിപ്പാള്‍ ക്യാപ്റ്റന്‍ ബിജു ജോര്‍ജ്, അധ്യാപകരായ മനീഷ്.എം മനോഹരന്‍, ടോം ടി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എസ്പിസി പ്രോജക്ട അസി.നോഡല്‍ ഓഫീസര്‍ എസ്.ഐ: ജി.സുരേഷ് കുമാര്‍ കൃതജ്ഞത അര്‍പ്പിച്ചു.