പെൻഷൻ/ജിപിഎഫ് പരാതികൾ പരിഹരിക്കുന്നതിന് എജി ഓഫീസ് അദാലത്ത്

കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്നതും വിരമിച്ചതുമായ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി അക്കൗണ്ടന്റ് ജനറൽ ഓഫീസ് (എ&ഇ) അദാലത്തുകൾ നടത്തുന്നു. ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കിന്നതിനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് അദാലത്തുകൾ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുള്ളവർക്ക് ഒക്ടോബർ 14 ന് അക്കൗണ്ടന്റ് ജനറൽ (എ&ഇ) ഓഫീസ്, എം.ജി. റോഡ്, തിരുവനന്തപുരത്തും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലുള്ളവർക്ക് ഒക്ടോബർ 21ന് എറണാകുളം, കലൂരിലെ ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ (എ&ഇ) ബ്രാഞ്ച് ഓഫീസിലും കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലുള്ളവർക്ക് ഒക്ടോബർ 27 ന് കോഴിക്കോട്, ജവഹർ നഗറിലുള്ള അക്കൗണ്ടന്റ് ജനറൽ (എ&ഇ) ബ്രാഞ്ച് ഓഫീസിലുമാണ് അദാലത്തുകൾ ക്രമീകരിച്ചിരിക്കുന്നത്.
പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട അപേക്ഷാ ഫോമിന്റെ മാതൃക എജിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://cag.gov.in/ae/kerala/en ൽ ലഭ്യമാണ്. പെൻഷൻ, കുടുംബ പെൻഷൻ എന്നിവ സംബന്ധിച്ച പരാതികൾ pensionadalat.ker.ae@cag.gov.in എന്ന ഇ-മെയിൽ വിലാസത്തിലും, ജിപിഎഫ് സംബന്ധമായ പരാതികൾ gpfadalat.ker.ae@cag.gov.in എന്ന ഇ-മെയിൽ വിലാസത്തിലും അയയ്ക്കാം. തപാൽ വഴി പരാതി അയയ്ക്കുന്നവർ കവറിന് മുകളിൽ “പെൻഷൻ/ജിപിഎഫ് അദാലത്തിനുവേണ്ടിയുള്ള അപേക്ഷ” എന്ന് വ്യക്തമായി രേഖപ്പെടുത്തണം. അക്കൗണ്ടന്റ് ജനറൽ (എ&ഇ), കേരള, എംജി റോഡ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയയ്ക്കേണ്ടത്. നിർദ്ദിഷ്ട ഫോർമാറ്റിൽ തയ്യാറാക്കിയ പരാതികൾ അദാലത്ത് തീയതിക്ക് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും സമർപ്പിക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കോടതിയുടെ പരിഗണനയിലുള്ള കേസുകൾ, തീരുമാനങ്ങൾ, അല്ലെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പുതിയ കേസുകൾ എന്നിവ ഈ അദാലത്തിൽ പരിഗണിക്കില്ലെന്നും അധികൃതർ അറിയിച്ചു.