ജില്ലയിലെ ബാങ്കുകള്‍ 7490 കോടി രൂപ വായ്പ നല്‍കും

post

പദ്ധതി രേഖ ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിച്ചു

ഇടുക്കി : ജില്ലയിലെ ബാങ്കുകളുടെ 2020-2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ പദ്ധതി ആവിഷ്‌കരിച്ചു. നബാര്‍ഡ് അസിസ്റ്റന്റ്  ജനറല്‍  മാനേജര്‍ അശോക് കുമാര്‍ നായര്‍ , ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് വായ്പാപദ്ധതി രേഖ കൈമാറി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7490.66 കോടി രൂപ വായ്പയായി നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ മുന്‍ഗണന വിഭാഗത്തിന് 6451.69 കോടി രൂപയും കാര്‍ഷിക മേഖലയ്ക്ക് 4043.41 കോടി രൂപയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 642.77 കോടി രൂപയും ഭവന വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു  മുന്‍ഗണന വിഭാഗങ്ങള്‍ക്ക് 1765.51  കോടി രൂപയും ആണ് ലക്ഷ്യം.

  2019-2020 സാമ്പത്തികവര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 8018.44 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു . 6683.34 കോടി രൂപയായിരുന്നു ലക്ഷ്യം . ഇതില്‍ മുന്‍ഗണന വിഭാഗത്തിന് 6181.77 കോടി രൂപ വായ്പയായി നല്‍കി.കാര്‍ഷിക മേഖലയ്ക്ക് 3441.33 കോടി രൂപയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 932.19 കോടി രൂപയും ഭവന വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു  മുന്‍ഗണന വിഭാഗങ്ങള്‍ക്ക് 1808.35 കോടി രൂപയും വിതരണം ചെയ്തു.

  കോവിഡ് 19 പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍ ജില്ലയിലെ ബാങ്കുകള്‍ ഊര്‍ജിതമായി നടപ്പാക്കി വരികയാണ്. സൂക്ഷ്മ  ചെറുകിട ഇടത്തരം യൂണിറ്റുകള്‍ക്കുള്ള എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഇതുവരെ 105 കോടി രൂപ അനുവദിച്ചിട്ടുള്ളതില്‍ 76 കോടി രൂപ വിതരണം ചെയ്തു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുഖ്യമന്ത്രി സഹായ ഹസ്തം പദ്ധതി മുഖാന്തിരം 41 കോടി രൂപയോളം ഇതുവരെ നല്‍കി. കൂടാതെ ജില്ലയിലെ അമ്പതിനായിരത്തോളം വരുന്ന ക്ഷീര കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ക്ഷീര വികസന വകുപ്പുമായി സഹകരിച്ചു ജൂലൈ 31 നു മുന്‍പ് കൊടുത്തു തീര്‍ക്കാനും പദ്ധതിയിട്ടിട്ടുണ്ട്. വഴിയോര കച്ചവടക്കാര്‍ക്കുള്ള പ്രധാന മന്ത്രി ആത്മ  നിര്‍ഭര്‍ നിധി, നിഷ്‌ക്രിയ ആസ്തി ആയിട്ടുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സബോര്‍ഡിനേറ്റ് ഡെബ്റ്റ് ഫണ്ട് പദ്ധതിയും  നടപ്പിലാക്കാന്‍ തീരുമാനമായിട്ടുണ്ട്.