അടിമാലി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും

post

ഇടുക്കി : അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പുതിയ ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക അവലോകന യോഗം ചേര്‍ന്നു.എസ് രാജേന്ദ്രന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍  എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ  നിര്‍മ്മാണം നേരിട്ട് വിലയിരുത്തിയ ശേഷമായിരുന്നു യോഗം.

 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  മൂന്നുമാസത്തിനകം തീര്‍ത്ത്  ഡയാലിസീസ് യുണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നും  മാസത്തില്‍ 1000 രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും  എസ് .രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

ആശുപത്രിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ,ഫയര്‍ ആന്റ് സേഫ്റ്റി  ജോലികള്‍ ഉടന്‍ തീര്‍ക്കും.

പുതുതായി 15 കിടക്കകളുടെ ഐസിയു യൂണിറ്റ് , 1.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി എന്നിവ നിര്‍മ്മിക്കും. സംസ്ഥാ തലത്തില്‍ ആലോചിച്ച് 20 കോടിയുടെ പുതിയ പദ്ധതി ആവിഷ്‌കരിക്കാനുമാണ് തീരുമാനം.

അമ്മയും കുഞ്ഞും ആശുപത്രിക്കായ് 4.5 കോടിയുടെ പദ്ധതി  ആവിഷ്‌കരിക്കാനാണ് തീരുമാനമെന്നും ആശുപത്രിയുടെ നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്തുന്നതിന് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയതായും എം എല്‍ എ അറിയിച്ചു.

നിലവില്‍ തകരാറിലായിട്ടുള്ള ലിഫ്റ്റ് സംവിധാനം അടിയന്തര പ്രാധാന്യത്തോടെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും യോഗം തീരുമാനിച്ചു.  യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രസീദ, ആരോഗ്യ കേരളം ഡി.പി.എം സുജിത്ത് സുകുമാരന്‍, എച്ച് എം സി അംഗങ്ങളായ ടി.കെ ഷാജി, സി.ഡി ഷാജി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേര്‍ലി ജോസഫ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.