തമ്മനം പുല്ലേപ്പടി റോഡ് വികസനം: വിശദ പദ്ധതിരേഖ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം

post

കാക്കനാട്: തമ്മനം പുല്ലേപ്പടി റോഡ് വികസനത്തിനായി വിശദ പദ്ധതിരേഖ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ സിംഗ് നിര്‍ദ്ദേശിച്ചു. റോഡ് സന്ദര്‍ശിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി റോഡ് വികസനം അത്യാവശ്യമാണെന്ന് വിലയിരുത്തി. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പത്മ ജംഗ്ഷന്‍ മുതല്‍ ബൈപ്പാസുവരെയുള്ള കൊച്ചിന്‍ കോര്‍പ്പറേഷന്റെ നിലവിലുള്ള റോഡും ഇതുവരെ റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിയും ഉപാധികളില്ലാതെ പി.ഡബ്ല്യു.ഡിക്ക് വിട്ടുനല്‍കാന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
  റോഡ് വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കലിന് മാത്രം പ്രാഥമികമായി 300 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം, ഇളംകുളം വില്ലേജുകളില്‍ സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്. റോഡ് വികസനത്തിനായുള്ള വിശദപദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള ചെലവ് കേരള റോഡ്‌സ് ഫണ്ട് ബോര്‍ഡ് വഹിക്കും. ഏഴ് ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരിക.
 യോഗത്തില്‍ പങ്കെടുത്ത പി. ടി തോമസ് എം.എല്‍.എ റോഡിന്റെ പേര് എം.ജി റോഡ് തമ്മനംബൈപാസ് റോഡ് എന്ന് മാറ്റി ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ്‌കുമാര്‍, കേരള റോഡ്‌സ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.