ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ തോടുകള്‍ ശുചീകരിക്കുന്നു

post

ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലൂടെ ഒഴുകുന്ന പാറശ്ശേരി തോട്, നെടിയാടി ചാല്, കുറ്റിയാഞ്ഞിലിക്കല്‍ തോട്, കുറവന്‍ തോട് എന്നിവ ശുചിയാക്കുന്നു. മഴക്കാലത്തെ മുന്നില്‍കണ്ട് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇറിഗേഷന്‍ വകുപ്പുമായി ചേര്‍ന്നാണ് ഈ തോടുകള്‍ ശുചിയാക്കുന്നത്. 25 ലക്ഷം രൂപ ചെലവിലാണ് തോടുകളുടെ ശുചീകരണം. 

പത്താം വാര്‍ഡിലെ കുറവന്‍ തോട്ടില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍ നിര്‍വഹിച്ചു.

കഴിഞ്ഞ് രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ പ്രദേശത്തെ തോടുകള്‍ കര കവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് നിരവധി ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകേണ്ടി വന്നിരുന്നു. വേമ്പനാട് കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന മുഴുവന്‍ തോടുകളും എത്രയും പെട്ടെന്ന് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുന്നതിലൂടെ വെള്ളപ്പൊക്കം തടയുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് മിനിമോള്‍ സുരേന്ദ്രന്‍, വാര്‍ഡംഗം ശശികല, പഞ്ചായത്ത് സെക്രട്ടറി പി. ഗീതാകുമാരി, ഇറിഗേഷന്‍ വകുപ്പ് ഓഫീസര്‍ അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.