ആലപ്പുഴയിൽ വിദ്യാർഥികളുടെ ചിത്രപ്രദർശന ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ ആലപ്പി ആർട്ട് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്രപ്രദർശന ഉദ്ഘാടനം നിയമസഭ സ്പീക്കർ എ എൻ ഷംസീർ ആലപ്പുഴ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നിർവഹിച്ചു.

ആലപ്പി ആർട്ട് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ദൃശ്യകലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതി നേരത്തെ ആരംഭിച്ചിരുന്നു. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രശസ്ത കുറേറ്റർ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം നിർവഹിച്ച അവധിക്കാല പരിശീലന കാമ്പിൽ പങ്കെടുത്ത വിദ്യാർഥികളിൽ നിന്നും 30 പേരുടെ ചിത്രങ്ങൾ ചേർത്താണ് ആലപ്പുഴയിൽ പ്രദർശനം സംഘടിപ്പിച്ചത്. എൽപി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

ആലപ്പുഴ കോടതിപ്പാലത്തിന് സമീപമുള്ള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ ജൂലൈ ഏഴ് വരെ രാവിലെ 10 മണി മുതൽ വൈകിട്ട് ആറുവരെയാണ് പ്രദർശനം. ചിത്രങ്ങളുടെ വിൽപ്പനയും ഉണ്ടാകും. പദ്ധതിയുടെ ഭാഗമായി ആര്യാട് ഡിവിഷനിലെ എല്ലാ സ്‌കൂളുകളിലും ആർട്ട് ക്ലബ്ബും വില്ലേജ് ആർട്ട് ക്ലബ്ബുകളും രൂപീകരിക്കും. കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ആർട്ട് ഗാലറിയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

പാട്ട്, ചിത്രരചന, സ്‌പോർട്‌സ് തുടങ്ങി കുട്ടികൾക്കിടയിലെ പലതരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും മികച്ച മാതൃകയാണ് ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന് കീഴിൽ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനമെന്ന് സ്പീക്കർ പറഞ്ഞു.

 ഓരോ കുട്ടികൾക്കും ജന്മനാ ഓരോ കഴിവുകളാണ്. കയാക്കിംഗ് ഉൾപ്പെടെയുള്ള സ്‌പോർട്‌സ് ഇനങ്ങളിലൂടെയും ഇവിടെ സംഘടിപ്പിച്ചിട്ടുള്ള ചിത്രപ്രദർശനത്തിലൂടെയും വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് മേഖലകളൊരുക്കാൻ ആലപ്പുഴ ജില്ലാ പഞ്ചായത്തിനായിട്ടുണ്ട്. പഠനം പൂർത്തിയാക്കിയിറങ്ങുന്ന കുട്ടികളെ ഭാവിയിൽ പ്രദേശത്തെ ചുവരുകളിൽ ആലപ്പുഴയുടെ ചരിത്രം പറയുന്ന ചുവർചിത്രങ്ങൾ വരയ്ക്കാൻ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആര്യാട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും സ്പീക്കർ പറഞ്ഞു.

 ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ലഹരി വിരുദ്ധ പ്രതിജ്ഞയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൊല്ലിക്കൊടുത്തു. കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി വി അജിത്കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ എം മുഹമ്മദ് താഹ, ഗവ. യുപിഎസ് തമ്പകച്ചുവട് പ്രഥമാധ്യാപിക എം ഉഷാകുമാരി, ചിത്രകാരൻമാരായ അമീൻ ഖലീൽ, എം ഹുസൈൻ, ഉദയൻ വാടയ്ക്കൽ, ആർട്ട് അക്കാദമി കോഓർഡിനേറ്റർ സുമയ്യ ബീവി, ചിത്രരചന അധ്യാപകൻ ബി ബിജുമോൻ, മറ്റ് ജനപ്രതിനിധികൾ, കലാസാംസ്‌കാരിക പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.