പുന്നമട വാർഡിൽ ജനകീയ ആരോഗ്യ കേന്ദ്രം തുറന്നു

post

ആലപ്പുഴ നഗരസഭ പുന്നമട വാര്‍ഡില്‍ ആധുനിക സൗകര്യങ്ങളോടെ നഗര ജനകീയ ആരോഗ്യ കേന്ദ്രം തുറന്നു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

നഗരത്തില്‍ പതിനൊന്നാമത്തെ ജനകീയ ആരോഗ്യ കേന്ദ്രമാണ് പുന്നമട ആലപ്പി നോര്‍ത്ത് സര്‍വ്വീസ് സഹകരണ ബാങ്കിനുസമീപം പ്രവര്‍ത്തനം ആരംഭിച്ചത്. ജനറല്‍ ഒ പി, ലബോറട്ടറി, ജീവിതശൈലി രോഗനിര്‍ണ്ണയം, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണം എന്നീ ക്ലിനിക്കല്‍ സേവനങ്ങള്‍ ഇവിടെ ലഭിക്കും. രോഗവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പെഷ്യലൈസ്ഡ് ഡോക്ടറുമായി ടെലീ കമ്മ്യൂണിക്കേഷന്‍ സൗകര്യം, ഗുരുതര രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിച്ച് തുടര്‍ ചികിത്സാ നിര്‍ദ്ദേശങ്ങളും റഫറല്‍ സേവനങ്ങളും നൽകുക എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഗര്‍ഭകാല പരിചരണം സുഗമമായി നടപ്പാക്കാന്‍ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വിവിധ സേവനങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും.

ഉച്ചക്ക് ഒരു മണിമുതല്‍ ഏഴ് മണിവരെ ഒ പി സമയം ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കില്‍ ഒരു ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, ഫാര്‍മസിസ്റ്റ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവർത്തകർ എന്നിവരെയാണ് പ്രാഥമിക ഘട്ടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.

ചടങ്ങിൽ നഗരസഭ വൈസ് ചെയര്‍മാന്‍ പി എസ് എം ഹുസൈന്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ എം ആര്‍ പ്രേം, എ എസ് കവിത, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോരാജു, പുന്നമട വാര്‍ഡ് കൗണ്‍സിലര്‍ ജി ശ്രീലേഖ, ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്ണപ്രിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാലിന്‍ ഉമ്മന്‍ തുടങ്ങിയവർ പങ്കെടുത്തു.

phc