മതദേശ ഭേദമില്ലാതെ ആര്‍ക്കും കേരളത്തില്‍ ജോലി ചെയ്യാന്‍ അവകാശമുണ്ടാകും

post

കൊച്ചി: ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും ദേശത്തിന്റെയും പേരിലുള്ള ഒരു വേര്‍തിരിവുമില്ലാതെ കേരളത്തില്‍ ജോലി ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടാകുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഏതു മതത്തിലും ജാതിയിലുംപെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ കുടിയേറ്റ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തൊഴിലാളി ക്ഷേമ നടപടികളില്‍ കേരളത്തെ മറികടക്കാന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണു കേരളം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് തൊഴിലാളികളെ അതിഥികളായാണു കേരളം സ്വീകരിച്ചത്. പല സംസ്ഥാനങ്ങളും ഭാഷയുടെയും വംശത്തിന്റെയും ദേശത്തിന്റെയും മതത്തിന്റെയുമൊക്കെ പേരില്‍ കുടിയേറ്റതൊഴിലാളികളെ മാറ്റി നിര്‍ത്തുമ്പോള്‍ കേരളം അവരെ അതിഥികളായി വരവേല്‍ക്കുകയാണ്. കേരളീയജീവിതത്തിന്റെ സുപ്രധാനമായ ഒരു ഘടകമായി അതിഥി തൊഴിലാളികള്‍ മാറിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. 

കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഈ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ അപകടമരണഇന്‍ഷൂറന്‍സും 25,000 രൂപയുടെ സൗജന്യ ചികിത്സയും പ്രസവ സംബന്ധമായ ആനുകൂല്യവും ലഭ്യമാക്കുന്ന ആവാസ് അഷ്വറന്‍സ് പദ്ധതി ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ആവാസ് മുഖേന 56 സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതുവരെ 4.91 ലക്ഷം തൊഴിലാളികള്‍ ആവാസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി ആനുകൂല്യങ്ങളിലും സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. മരണാനന്തര സഹായം 10,000 രൂപയില്‍ നിന്ന് 25,000 ആയും അപകട മരണ ധനസഹായം 50,000 രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് വച്ച് മരണപ്പെടുന്ന ഇതര സംസ്ഥാന  തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തെത്തിക്കാന്‍ 50,000 രൂപയും ധനസഹായം നല്‍കുന്നുണ്ട്.

അതിഥി തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച അപ്‌നാഘര്‍ പദ്ധതിയിലെ ആദ്യ ഫഌറ്റ് സമുച്ചയം പാലക്കാട് കഞ്ചിക്കോട്ട് ഉദ്ഘാടനം ചെയ്തു. 610 തൊഴിലാളികള്‍ക്കാണ് അവിടെ താമസസൗകര്യമുള്ളത്.  എറണാകുളത്തും കോഴിക്കോട്ടും അപ്‌നാഘര്‍ പദ്ധതി നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തും പെരുമ്പാവൂരിലും കോഴിക്കോട്ടും ഫെസിലിറ്റേഷന്‍ സെന്ററുകളും ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.