കോവിഡിന്റെ അടുത്ത ഘട്ടം നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയാറെടുക്കണം

post

എറണാകുളം: കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള അടുത്ത ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ തയാറെടുക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. ജില്ലയില്‍ മാതൃകാ പരമായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നത്. ജില്ല തയാറാക്കിയ പ്രതിരോധ പ്രവര്‍ത്തന മാതൃക സംസ്ഥാനം തന്നെ സ്വീകരിച്ചിരിക്കുകയാണ്.  ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കലാണ് തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. രണ്ടു ലക്ഷം പ്രവാസി സഹോദരങ്ങളാണ് ഇനിയും എത്താനുള്ളത്. വികേന്ദ്രീകൃത രീതിയിലാണ് സെന്ററുകള്‍ ഒരുക്കുന്നത്. ബ്ലോക്ക് ലെവലില്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനായി 14 സെന്ററുകള്‍ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് ലെവലില്‍ 100 എണ്ണവും കണ്ടെത്തി. ആവശ്യം വന്നാല്‍ വാര്‍ഡ് ലെവല്‍ സംവിധാനവും തയാറാക്കണം. ക്വാറന്റീന്‍ സെന്ററുകള്‍ പഞ്ചായത്ത് തലത്തില്‍ തന്നെയാണ് വേണ്ടത്. താമസക്കാരുടെ ഭക്ഷണത്തിനും വൃത്തിയാക്കലിനുമുള്ള ചിലവ് ജില്ലാ ഭരണകൂടം നല്‍കാന്‍ തയാറാണെന്നും കളക്ടര്‍ അറിയിച്ചു.