വിദ്യാര്‍ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിശയില്‍ വിളിക്കാം

post

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മാനസിക-സാമൂഹ്യ ആരോഗ്യപദ്ധതിയുമായി സര്‍ക്കാര്‍. ലോക്ഡൗണ്‍, പഠന സംബന്ധ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികള്‍ക്ക് ദിശാ നമ്പറായ 1056 ലും ജില്ലാ മാനസിക ആരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാമെന്ന് ആരോഗ്യ, സാമൂഹികനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു ഉള്‍പ്പെടെയുള്ള പരീക്ഷാഫലങ്ങള്‍ ഉടന്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ മാനസിക ബുദ്ധിമുട്ടുകളും വിഷാദവും ഉത്കണ്ഠയുമുള്ളവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ രക്ഷിതാക്കളും ശ്രദ്ധപുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 'ഒറ്റക്കല്ല, ഒപ്പമുണ്ട്' കാമ്പയിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. ആരോഗ്യവകുപ്പും വനിതാശിശു വികസന വകപ്പും വിവിധ എന്‍ജിഒകളുമായി സഹകരിച്ച് കൗണ്‍സിലര്‍മാരെ ഒരുമിപ്പിച്ച് മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള നടപടികളെടുക്കുന്നുണ്ട്.

കോവിഡ് കാലത്ത് ജനുവരി മുതല്‍ അഞ്ചുലക്ഷത്തിലേറെപ്പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്. ക്വാറന്റൈനില്‍ പോകുന്നവരെ അങ്ങോട്ടുവിളിച്ച് ആത്മവിശ്വാസം പകരുകയും ആവശ്യങ്ങള്‍ ചോദിച്ചുമനസിലാക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കാന്‍ താഴെത്തട്ടില്‍ അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും. ഇതുസംബന്ധിച്ച് ഒരു ചെക്ക്‌ലിസ്റ്റ് തയാറാക്കി അവരുടെ പ്രവര്‍ത്തന പരിധിയിലെ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെ കണ്ടെത്തി ആവശ്യാനുസരണം സഹായത്തിനും കൗണ്‍സിലിംഗിനും തുടര്‍നടപടി സ്വീകരിക്കും. സ്‌കൂളുകളിലെ കൗണ്‍സലര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും.

ജില്ലാ അടിസ്ഥാനത്തില്‍ മാനസികാരോഗ്യ പദ്ധതികള്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ ഉണ്ടെങ്കിലും സംസ്ഥാനതലത്തില്‍ ഏകീകൃതമായി ഈ സേവനം ഉപയോഗിക്കാന്‍ ദിശാ ഹെല്‍പ്പ്‌ലൈനില്‍ (1056) തന്നെ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. ഇവിടെനിന്ന് അതത് ജില്ലാ ഹെല്‍പ്പ്‌ലൈനിലേക്ക് കണക്ട് ചെയ്യാന്‍ സൗകര്യമൊരുക്കും.

ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്‌നം മുതിര്‍ന്നവരില്‍ നിന്ന് വിഭിന്നമാണ്. ഈ വിഷയം രക്ഷിതാക്കളും പൊതുസമൂഹവും ഗൗരവമായി ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതൊരു സാമൂഹ്യ വിഷയമായി കണ്ട് സൈക്കളോജിക്കല്‍ ഫസ്റ്റ് എയ്ഡ് നല്‍കാന്‍ നമുക്കാവണം. എല്ലാ മെഡിക്കല്‍ കോളേജുകളിലും ആത്മഹത്യാ പ്രതിരോധ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്കുകള്‍ വഴിയും അനേകര്‍ക്ക് മാനസിക പ്രയാസങ്ങള്‍ക്കും വിഷാദത്തിനും കൗണ്‍സിലിംഗും തുടര്‍സഹായവും നല്‍കുന്നുണ്ട്.

മാധ്യമങ്ങളും ആത്മഹത്യാ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മിതത്വം പാലിക്കുകയും വിശദാംശങ്ങള്‍ ഒഴിവാക്കുകയും വേണം. വിദ്യാര്‍ഥികളുടെ ആത്മഹത്യകളുടെ കാരണങ്ങള്‍ പരിശോധിച്ച് ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനം നടത്തുമെന്നും ഇതിനായി വനിതാശിശു വികസന വകുപ്പ് നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു. യൂനിസെഫുമായി ചേര്‍ന്നുള്ള പഠനങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.