തീര്‍ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകര്‍ന്ന് പമ്പയിലെ പൂങ്കാവനം ശില്‍പാവിഷ്‌ക്കാരം

post

ശബരിമല : ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകരുന്ന പമ്പയിലെ പൂങ്കാവനം ശില്‍പാവിഷ്‌ക്കാരം ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാനനവാസനായ അയ്യപ്പന്റെ ജനനവും പുണ്യനദിയായ പമ്പയും  ഉള്‍പ്പെടുന്നതാണ് ശില്‍പാവിഷ്‌ക്കാരം.  പൂങ്കാവനത്തിന്റെ മനോഹാരിത പൂര്‍ണമായി അവതരിപ്പിക്കുന്ന ശില്‍പാവിഷ്‌ക്കാരം പമ്പയിലൂടെ സന്നിധാനത്തേക്ക് കടന്നു പോകുന്ന തീര്‍ഥാടകര്‍ക്ക് ഒരേസമയം വിസ്മയവും ആനന്ദവും പകരുന്നതാണ്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രശസ്ത സിനിമാകലാസംവിധായകനായ അനില്‍ കുമ്പഴയാണ് പമ്പയിലെ ശില്‍പാവിഷ്‌ക്കാരം നിര്‍മിച്ചത്. പമ്പയില്‍ നിന്ന് തീര്‍ഥാടനവഴിയായ ഗണപതി കോവിലിലേക്ക് പോകുന്നവഴിയിലാണ് കൗതുകകരമായ ശില്‍പാവിഷ്‌കാരം സജ്ജമാക്കിയിട്ടുള്ളത്. ശബരിമലയില്‍നിന്ന് ഉത്ഭവിക്കുന്ന പമ്പയാറും, മണികണ്ഠനെ പന്തളം രാജാവിന് ലഭിച്ച കാനനപശ്ചാത്തലവും, പര്‍ണശാലയും, മണികണ്ഠന്റെ സന്തതസഹചാരികളായ പുലികളും അടങ്ങുന്ന ശില്‍പാവിഷ്‌ക്കാരം തീര്‍ഥാടകര്‍ക്ക് നവ്യാനുഭവമാണ് പകരുന്നത്. മണികണ്ഠന്റെ ജനന സംബന്ധമായ കഥ പ്രതിപാദിക്കുന്ന തരത്തിലാണ് ശില്‍പാവിഷ്‌ക്കാരം തയാറാക്കിയിട്ടുള്ളത്.
ശില്‍പ്പം ഒരുക്കിയ അനില്‍ കുമ്പഴ, രതീഷ് മോഹന്‍ദാസ്, ജോബിന്‍  ജോസഫ്, ജോബിന്‍മാത്യൂ, അജയ്‌ദേവ് കൊട്ടാരക്കര, സിഷാജുദ്ദീന്‍, സുരേഷ്ബാബു, സഞ്ജയ്‌നാഥ്, സഫീര്‍ ബിലാല്‍, ബിനുലാല്‍, ഇര്‍ഷാദ് എന്നിവരെ മന്ത്രി ആദരിച്ചു. എം എല്‍ എ മാരായ രാജു എബ്രഹാം, പി.സി. ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി,  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു, പൊതുഭരണദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്,ശബരിമല എഡിഎം എന്‍എസ്‌കെ ഉമേഷ്, തിരുവല്ലാ സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ദേവസ്വം ബോര്‍ഡ്  മെമ്പര്‍മാരായ അഡ്വ. എന്‍. വിജയകുമാര്‍, കെ.എസ്. രവി,  ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എം. ഹര്‍ഷന്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ജി. കൃഷ്ണകുമാര്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.