വൈറ്റില സര്‍വ്വീസ് റോഡിലെ നിര്‍മ്മാണങ്ങള്‍ മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണം: കളക്ടര്‍

post

കൊച്ചി: വൈറ്റില ജംഗ്ഷനിലെ സര്‍വ്വീസ് റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മൂന്ന് ആഴ്ചക്കകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍ദ്ദേശം നല്‍കി. വൈറ്റില മേല്‍പ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ സര്‍വ്വീസ് റോഡിനെ ആശ്രയിച്ചാണ് ഗതാഗതം മുന്നോട്ടു പോകുന്നത്. കാന നിര്‍മ്മാണത്തോടൊപ്പം റോഡില്‍ ഗ്യാസ് ലൈന്‍ ഇടുന്ന ജോലികളും കെ.എസ്.ഇ.ബി യുടെ ജോലികളും പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ ജില്ലയില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ക്ക് ഗതാഗത തടസമില്ലാത്ത രീതിയില്‍ ജോലികള്‍ ചെയ്തു തീര്‍ക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കളക്ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 

പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായിട്ടാണ് കാനനിര്‍മ്മാണം നടക്കുന്നത്. റോഡില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അനുമതിയോടെ ഗ്യാസ് ലൈന്‍ ഇടുന്ന ജോലികളും നടക്കുന്നുണ്ട്. കെ.എസ്.ഇ.ബി യുടെ അറ്റകുറ്റപണികളും ഇവിടെ പുരോഗമിക്കുകയാണ്. റോഡ് കുഴിയെടുത്താണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മഴവെള്ളവും ചെളിയും മൂലം റോഡില്‍ യാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ചെളി സമീപത്തെ സര്‍വ്വീസ് റോഡിലും വ്യാപിക്കുന്ന അവസ്ഥയാണുള്ളത്. കാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുഴിച്ചെടുത്ത മണ്ണ് റോഡിന്റെ സൈഡിലുണ്ട്. ഇതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മൂന്ന് പ്രവര്‍ത്തനങ്ങളും മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാന നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ റോഡ് ടൈല്‍ വിരിച്ചോ ടാറിംങ്ങ് നടത്തിയോ ഗതാഗത യോഗ്യമാക്കുന്നതാണെന്ന് പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.