തൊഴില്‍ നൈപുണ്യം നേടാന്‍ മികച്ച അവസരങ്ങളുമായി കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്

post

പത്തനംതിട്ട :ഉന്നത വിദ്യാഭ്യാസത്തില്‍ മന്ത്രിയും സര്‍ക്കാരും ഇടപെടുന്നത് ഗുണപരമായ മാറ്റങ്ങള്‍ക്കും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.അടുത്ത അധ്യയന വര്‍ഷം മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ സംസ്ഥാനത്തേക്കെത്തുന്ന തരത്തിലുള്ള ക്യാമ്പയനിംഗാണ് സര്‍ക്കാര്‍ നടത്തുന്നത്. ഏതെങ്കിലും തൊഴിലില്‍ നൈപുണ്യം നേടിയാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ജീവിതവിജയം നേടാനാവൂ. അതിനുള്ള വിശാലമായ അവസരമാണ് അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ ഒരുക്കുന്നത്. കേരളത്തിലെ മികച്ച തൊഴില്‍ നൈപുണ്യ കേന്ദ്രമായി മാറുകയാണ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്. പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലെയ്‌സ്‌മെന്റ് സൗകര്യവും കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഒരുക്കുന്നുണ്ട്. നൂതന ആശയങ്ങള്‍ പ്രയോഗ തലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സമൂഹത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് സംസ്ഥാനത്ത് ഒന്‍പത് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിച്ചിരിക്കുന്നത്. ദേശീയഅന്തര്‍ദേശീയ തൊഴിലവസരങ്ങള്‍, വ്യവസായ വിദഗ്ധര്‍ നയിക്കുന്ന കരിയര്‍ സെമിനാറുകള്‍, വിവിധ വിദേശ ഭാഷാ പരിശീലനം തുടങ്ങിയവ സ്‌കില്‍ പാര്‍ക്കില്‍ ലഭ്യമാകും. മള്‍ട്ടി സ്‌കില്‍ പരിശീലന കേന്ദ്രങ്ങളായി രൂപകല്പന ചെയ്തിരിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരേസമയം 2000 പേര്‍ക്ക് ട്രെയിനിംഗ് നല്‍കും. എല്‍.ഇ.ഡി ലൈറ്റ് ഡിസൈന്‍, പി.വി സോളാര്‍പാനല്‍ ഡിസൈന്‍, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, ജെം ആന്‍ഡ് ജ്വല്ലറി ഡിസൈനര്‍, ഫ്രഞ്ച്, അറബിക് എന്നീ ഭാഷാ കോഴ്‌സുകള്‍, വെര്‍ബല്‍ ആപ്റ്റിറ്റിയൂഡ് ട്രെയിനിംഗ്, ബിസിനസ് ഇംഗ്ലീഷ് ട്രെയിനിംഗ് എന്നീ കോഴ്‌സുകളും ഇവിടെ വിദ്യാഥികള്‍ക്ക് ലഭ്യമാണ്. വിവിധ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷനും ഇതോടൊപ്പം നടന്നു.  ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, എന്‍ജിനീയറിംഗ് കോളജുകള്‍, മെഡിക്കല്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, വ്യവസായ പരിശീലന കേന്ദ്രങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധിപ്പിച്ചാണ് സ്‌കില്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

മാത്യു ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ പഞ്ചായത്തംഗം എസ്. വി സുബിന്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം  ഷിനി കലേഷ് കുമാര്‍, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണക്കുറുപ്പ്, വൈസ് പ്രസിഡന്റ് ടി.എന്‍. ശാന്തമ്മ, പഞ്ചായത്തംഗങ്ങളായ  സി.എന്‍ മോഹനന്‍, ജി.ശശികുമാര്‍, ശ്രീദേവി സതീഷ്, അസാപ് സിഇഒ  ഡോ.വീണാ എന്‍ മാധവന്‍, കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ്, മോര്‍ലി ജോസഫ്, ഡിഐസി പത്തനംതിട്ട ജനറല്‍ മാനേജര്‍ ഡി രാജേന്ദ്രന്‍, സഹസ്ര ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡി അമൃത് മന്‍വാനി, അസാപ്പ് പത്തനംതിട്ട ഡി പി എം പ്രദീപ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.