ഓണ്‍ലൈന്‍ പഠനത്തിന് ജില്ല സുസജ്ജം: മന്ത്രി കെ.രാജു

post

പത്തനംതിട്ട : ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സൗകര്യം ഒരുക്കിയതായി ജില്ലയുടെ ചുമതല വഹിക്കുന്ന വനം-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പുരോഗതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വ്യക്തിഗതമായി കുട്ടികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഒരുക്കിയതിനുപുറമെ കമ്മ്യൂണിറ്റിഹാളുകള്‍, ലൈബ്രറികള്‍ തുടങ്ങിയ ഇടങ്ങളിലും പഠനസൗകര്യം ഏര്‍പ്പെടുത്തിയതോടെയാണ് ജില്ലയില്‍ സമ്പൂര്‍ണ പഠനസൗകര്യം ഒരുങ്ങിയത്. 

  ജില്ലയിലെ 98121 വിദ്യാര്‍ഥികളില്‍ 83647 വിദ്യാര്‍ഥികള്‍ക്കാണ് സ്വന്തമായി പഠന സൗകര്യം ഉണ്ടായിരുന്നത്. വ്യക്തിഗതമായി പഠനസൗകര്യം ഇല്ലാതിരുന്ന 971 കുട്ടികള്‍ക്ക് കമ്മ്യൂണിറ്റിഹാളുകള്‍, ലൈബ്രറികള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ സൗകര്യമൊരുക്കി. ഇവരില്‍ 204 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി പൊതുകേന്ദ്രങ്ങളില്‍ എത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇതില്‍ 117 കുട്ടികള്‍ക്ക് വ്യക്തിഗതമായി പഠിക്കുവാന്‍ ആവശ്യമായ സാമഗ്രികള്‍ അടിയന്തരമായി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. 

കമ്മ്യൂണിറ്റി ഹാളുകള്‍, ലൈബ്രറികള്‍ തുടങ്ങി 1245 പൊതു ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളാണു ജില്ലയിലുള്ളത്. ജൂണ്‍ പകുതിയോടെ ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യം ഉറപ്പുവരുത്താന്‍ സാധിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളില്‍ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. 

  അഡ്വ. മാത്യു.ടി തോമസ് എം.എല്‍.എ, രാജു എബ്രഹാം എം.എല്‍.എ, വീണാ ജോര്‍ജ് എം.എല്‍.എ, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാ സിനി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് എം.എസ് രേണുക ഭായി, സമഗ്ര ശിക്ഷ കേരള കോ ഓര്‍ഡിനേറ്റര്‍ കെ.വി അനില്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, സി.ബിന്ദു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.