കൂടുതല്‍ സേവനമുഖം തുറന്ന് ജില്ലാപോലീസ്

post

പാലക്കാട് : ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ ലഭ്യമല്ലാത്ത നിര്‍ധന വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് സഹായങ്ങളെത്തിച്ച് ജില്ലാപോലീസ്. നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ നിര്‍ധന വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ടെലിവിഷന്‍ ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നു വരുന്നതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇത്തരത്തില്‍ സഹായങ്ങള്‍ എത്തിച്ചുവരുന്നു. ജനമൈത്രി പോലീസ് സംവിധാനം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. കൊടുമണ്‍ കുരുവിലക്കോട് ഭാഗത്തെ അംഗന്‍വാടി കുട്ടികള്‍ക്ക് ജനമൈത്രി പോലീസ്  ടെലിവിഷന്‍ എത്തിച്ചു. ഇലവുംതിട്ട ജനമൈത്രി പോലീസും ഇലവുംതിട്ട കേരള ഗ്രാമീണ ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇലവുംതിട്ടയിലെ നിര്‍ധന കുടുംബത്തിലെ കുട്ടിക്ക് ടിവി എത്തിച്ചു നല്‍കി. നിര്‍ധന കുടുംബത്തിലെ കുട്ടിക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കുന്നതിന് ടിവി ആവശ്യമുണ്ടെന്ന് ഇലവുംതിട്ട ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ഗ്രാമീണ്‍ ബാങ്ക് ഇലവുംതിട്ട ശാഖയിലെ ജീവനക്കാരനായ സുഹൃത്തിനെ അറിയിച്ചു. തുടര്‍ന്ന് ബാങ്കിലെ മറ്റു ജീവനക്കാരും സഹായിക്കാന്‍ സന്നദ്ധരായി. അങ്ങനെ, 32 ഇഞ്ച് എല്‍ഇഡി ടിവി വാങ്ങി ജനമൈത്രി പോലീസിനു നല്‍കി. ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് ടിവി വീട്ടില്‍ എത്തിച്ചത്.