ഉദ്ഘാടനത്തിനൊരുങ്ങി കൊലുമ്പന്‍ സമാധി സ്മാരകം

post

ഇടുക്കി: കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മിക്കാന്‍  സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ   സമാധി സ്മാരകത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയതിന്റെ  ഉദ്ഘാടനം ജൂലൈയില്‍ നടത്തും. സ്മാരകത്തിന്റെ  നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍  റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

201213 സംസ്ഥാന ബജറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതോടെ 2015 ല്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഇടുക്കി അണക്കെട്ടിന് സമീപം വെള്ളപ്പാറയില്‍ പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനമാണ് ജൂലൈയില്‍ നടത്തുക.  70 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംഎല്‍എ ചെയര്‍മാനും എഡിഎം സെക്രട്ടറിയുമായ കമ്മിറ്റി ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സമാധി സ്ഥലത്ത് കൊലുമ്പന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുന്നതിനും   കൊത്തുപണികളോടെ കുടീരം നിര്‍മ്മിക്കുന്നതിനും  നിലവിലുള്ളവ  പരമ്പരാഗത സ്വഭാവത്തോടെ  നവീകരിക്കുന്നതിനുള്ള പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.  പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ടൂറിസം വകുപ്പിന് കൈമാറും.  സ്മാരകത്തിനോട് ചേര്‍ന്ന് ഇടുക്കി ഡാമിന്റെ ചരിത്രം, ഇടുക്കിയുടെ പഴമ, നിര്‍മ്മാണ സമയത്തെ ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബുക്‌ലെറ്റും സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്ന സ്റ്റാള്‍ കൂടി പ്രവര്‍ത്തിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

1976 ല്‍ ഇടുക്കി ജലവൈദുത പദ്ധതി കമ്മീഷന്‍ ചെയ്തതിനോടനുബന്ധിച്ച  ഡാമിനോട് ചേര്‍ന്ന് കൊലുമ്പന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. അന്നു പ്രതിമ നിര്‍മ്മിച്ച ശില്പി കുന്നുവിള മുരളി തന്നെയാണ് സമാധി സ്മാരകത്തിന്റെയും ശില്പി. യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, എഡിഎം ആന്റണി സ്‌കറിയ,  പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്  ഇ ദിനേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ഡിടിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് ശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ സമാധി സ്മാരകത്തില്‍ ചെന്ന് നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി.