കോവിഡ്19: ക്വാറന്റൈന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

post

കോഴിക്കോട് : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ നിര്‍ദ്ദേശം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് ജില്ലയില്‍ എത്തുന്നവര്‍  14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനിലും , തുടര്‍ന്നുളള 14 ദിവസം  വീടുകളില്‍  നിരീക്ഷണത്തിലും കഴിയേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു. ക്വാറന്റെന്‍ ലംഘനങ്ങള്‍ കോവിഡ് 19 സാമൂഹ്യവ്യാപനത്തിനുകാരണമാകുമെന്നതിനാലാണ് നടപടി.

വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍   വൈദ്യസഹായത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്ക്  ആര്‍ആര്‍ടിയുടെ അനുമതിയോടെ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരവും ഐപിസി പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും കലക്ടര്‍ വ്യക്തമാക്കി. പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ഉണ്ടാവുന്നപക്ഷം അതത് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ,മെഡിക്കല്‍ ഓഫീസര്‍മാരും റിപ്പോര്‍ട്ട് നല്‍കേണ്ടതാണെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു