ഫസ്റ്റ് ബെല്‍ പഠനത്തിന് ടെലിവിഷന്‍ നല്‍കി

പത്തനംതിട്ട: അടൂര്‍ മണ്ഡലത്തില്‍ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ പഠനം ലഭ്യമാകാതിരുന്ന കുട്ടികള്‍ക്ക് സ്വന്തം ചെലവില്‍ ടെലിവിഷന്‍ എത്തിച്ചു നല്‍കി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഏഴംകുളം കലശേരിപ്പടി വിജ്ഞാന്‍വാടിക്കായി വിവിധ ക്ലാസുകളില്‍ പഠിക്കുന്ന പത്തിലധികം വിദ്യാര്‍ഥികള്‍ക്കായും അടൂര്‍ നഗരസഭയിലെ ഒന്‍പതാം വാര്‍ഡില്‍ നെടിയ കാലായില്‍ വീട്ടില്‍ സുരേഷിന്റെ മകള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്കുമാണ് പഠനോപകരണമായി ടെലിവിഷന്‍ എത്തിച്ച് നല്‍കിയത്. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ലത, അടൂര്‍ നഗരസഭ അംഗം രാജി ചെറിയാന്‍, പഞ്ചായത്ത് അംഗം ശോഭന, ജി. രാധാകൃഷ്ണന്‍, എസ്. അഖില്‍, എസ്.സി ബോസ്, പട്ടികജാതി വികസന ഓഫീസര്‍ റാണി എന്നിവര്‍ പങ്കെടുത്തു.