പുതിയാപ്പ ഹാര്‍ബര്‍ വികസനം; യോഗം ചേര്‍ന്നു

post

കോഴിക്കോട് : പുതിയാപ്പ ഹാര്‍ബര്‍ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. ഹാര്‍ബറിന് അടുത്തുള്ള റോഡ് വീതി കൂട്ടുന്നതിന് കൗണ്‍സിലറുടെ അധ്യക്ഷതയില്‍ നാട്ടുകാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. പുതുതായി നിര്‍മ്മിക്കുന്ന റോഡ് ഹാര്‍ബര്‍ വകുപ്പിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കൗണ്‍സിലര്‍ യോഗത്തില്‍ അറിയിച്ചു. കോസ്റ്റല്‍ റോഡുകളുടെ പുനരുദ്ധാരണ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഫണ്ട് ലഭ്യമാക്കും. തിങ്കളാഴ്ച ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കും. നിലവില്‍ റോഡ് വീതി കൂട്ടുന്നതിന് ഹാര്‍ബര്‍ വകുപ്പും നാട്ടുകാരും സ്ഥലം വിട്ടു നല്‍കേണ്ടതുണ്ട്.യോഗത്തില്‍ കൗണ്‍സിലര്‍ കെ നിഷ, ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍ ലത, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി വി ഷീബ, ഷാജു, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.