കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ റവന്യൂ വകുപ്പിനെ സജ്ജമാക്കി ജില്ലാ ഭരണകൂടം

post

എറണാകുളം: മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വിവിധ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തമുഖങ്ങളില്‍ ഓടിയെത്തേണ്ട റവന്യൂ ജീവനക്കാര്‍ക്ക് ആത്മവിശ്വാസം ഉറപ്പാക്കുന്ന വിധത്തില്‍ എല്ലാ വില്ലേജുകളിലും ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളും ഉടന്‍ ലഭ്യമാക്കുമെന്ന് സഹായ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. മഴക്കോട്ടുകള്‍, ടോര്‍ച്ച്, കുടകള്‍, ഗംബൂട്ടുകള്‍ തുടങ്ങിയ സഹായഉപകരണങ്ങളാണ് ആദ്യഘട്ടത്തില്‍ വിവിധ ഓഫീസുകളില്‍ ലഭ്യമാക്കുന്നത്. വിവിധ റെവന്യൂ ഡിവിഷണല്‍ ഓഫീസുകളിലേക്കും താലൂക്കുകളിലേക്കുമായി 850 മഴക്കോട്ടുകള്‍, ഗം ബൂട്ടുകള്‍, 250 കുടകള്‍, 200 ടോര്‍ച്ചുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്.

അടുത്തമാസത്തോടെ വില്ലേജുകളില്‍ ചെറുവഞ്ചികള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് അറിയിച്ച ജില്ലാ കളക്ടര്‍, ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ രണ്ട് പ്രളയകാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കി ഫീല്‍ഡ് പ്രവര്‍ത്തനം നടത്തുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ സുസജ്ജമായ റവന്യൂ സംവിധാനം ജില്ലയില്‍ ഒരുക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അപ്പോളോ ടയേഴ്സിന്റെ സഹായത്തോടെയാണ് ജീവനക്കാര്‍ക്കാവശ്യമായ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്.